തിരുവനന്തപുരം : കാസർകോട്ടെ അതിർത്തി ഗ്രാമങ്ങളിലെ ചില കന്നഡ സ്ഥലപ്പേരുകൾ മലയാളത്തിലേക്ക് മാറ്റാൻ തൻ്റെ വകുപ്പിൽ നിന്ന് ഉത്തരവിറങ്ങിയെന്ന പ്രചാരണം വ്യാജമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
കർണാടകത്തിൽ ഇതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളാണ് നടക്കുന്നത്. ആരോപണം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണോ എന്ന് പരിശോധിക്കണം. തൻ്റെ വകുപ്പിലേക്ക് ഇതുമായി ബന്ധപ്പെട്ട് ഒരു കത്തും വന്നിട്ടില്ല.
ഈ പ്രചാരണത്തിന് പിന്നിൽ ആരെന്നും, ലക്ഷ്യമെന്തെന്നും വാർത്ത കൊടുത്തവർ പരിശോധിക്കണമെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
കേരള-കർണാടക അതിർത്തി ഗ്രാമങ്ങളുടെ പേരുകൾ മാറ്റുന്നുവെന്ന പ്രചാരണത്തെ തുടർന്ന്, നീക്കം ഉപേക്ഷിക്കണമെന്ന് അഭ്യർഥിച്ച് കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.
സ്വർണക്കടത്ത് കേസിൽ മൗനം
സ്വർണക്കടത്തിലെ ഡിവൈഎഫ്ഐ ബന്ധം സംബന്ധിച്ച ആരോപണങ്ങളിൽ പ്രതികരിക്കാൻ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡണ്ട് കൂടിയായ മന്ത്രി തയ്യാറായില്ല. ഇക്കാര്യങ്ങളിൽ സംസ്ഥാന ഘടകം നൽകുന്നതാണ് വിശദീകരണമെന്ന് മന്ത്രി പറഞ്ഞു.
ടൂറിസം വ്യാപിപ്പിക്കാൻ സമഗ്ര പദ്ധതി
കൊവിഡിനെ തുടർന്ന് ടൂറിസം വകുപ്പിന് 34000 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്ന് മന്ത്രി പറഞ്ഞു. ഇത് പരിഹരിക്കാനുള്ള സമഗ്രമായ പദ്ധതി തയ്യാറാക്കുകയാണ്. ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് ശ്രമം.
പ്രാദേശിക ടൂറിസം വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി ഒരു പഞ്ചായത്തിൽ ഒരു ടൂറിസം ഡെസ്റ്റിനേഷൻ എന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡൻ്റുമാരുടെയും യോഗം നടത്തിയെന്ന് മന്ത്രി അറിയിച്ചു.
പരസ്യക്കമ്പനികളുടെ റോഡ് കൈയേറ്റങ്ങൾക്കെതിരെ നടപടി തുടങ്ങിയതായും സംസ്ഥാനത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളുടെ പ്രവർത്തനം പൊതുജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമായ രീതിയിൽ പരിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു.
പിഡബ്ല്യുഡി ഫോർ യു ആപ്ലിക്കേഷനിൽ നാലായിരത്തിലേറെ പരാതികൾ ഇതുവരെ ലഭിച്ചു. ഇവയിൽ 492 എണ്ണം തീര്‍പ്പാക്കി. സമയമെടുത്ത് പരിഹരിക്കേണ്ട പരാതികളിൽ അത് ചെയ്തുവരികയാണെന്നും മന്ത്രി പറഞ്ഞു.