തിരുവനന്തപുരം: സാമ്പത്തിക ബുദ്ധിമുട്ടിൽ ചക്രശ്വാസം വലിക്കുന്ന വാട്ടർ അതോറിറ്റിക്ക് പണം കൊടുക്കാനുള്ളവരിൽ ജലവിഭവ വകുപ്പിലെ വിവിധ സ്ഥാപനങ്ങളും. ഇറിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിലെ വിവിധ എഞ്ചിനീയർ ഉദ്യോഗസ്ഥരുടെ ഓഫിസുകളിൽ നിന്നും പ്രോജക്‌ട് ഓഫിസർമാരുടെ സ്ഥാപനങ്ങളിൽ നിന്നുമാണ് 70 ലക്ഷത്തിലധികം രൂപ കുടിശ്ശികയിനത്തിൽ പിരിച്ച് കിട്ടാനുള്ളത്. വാട്ടർ അതോറിറ്റിയിലെ സാമ്പത്തിക ഭദ്രതയ്ക്കായി വെള്ളക്കരം കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനിടെയാണ് കുടിശ്ശിക ഇനത്തിൽ ജല വിഭവ വകുപ്പിൽ നിന്ന് തന്നെ ലക്ഷങ്ങൾ തിരിച്ചുകിട്ടാനുണ്ടെന്ന കണക്ക് പുറത്തുവരുന്നത്.
70,53,975 രൂപയാണ് വിവിധ ജില്ലകളിലെ ജല വിഭവ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്നും കുടിശ്ശിക ഇനത്തിൽ കിട്ടാനുള്ളത്. ഇറിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിന്‍റെ മലമ്പുഴ ഗാർഡൻ അസിസ്റ്റന്‍റ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്ന് 16 ലക്ഷം, നെടുമങ്ങാട് സെക്ഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്ന് 14 ലക്ഷം, നെയ്യാറ്റിൻകര സെക്ഷൻ ജൂനിയർ എൻജിനീയർ ഓഫിസ് വക ഒമ്പത് ലക്ഷം എന്നിങ്ങനെയാണ് കണക്കുകൾ. പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മലമ്പുഴ സെക്ഷനിലെ ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിൻ്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്നാണ് കൂടുതൽ തുക നൽകാനുള്ളത്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന വിവിധ ജല വിഭവ വകുപ്പ് ഓഫിസുകളും.
വാട്ടർ അതോറിറ്റിക്ക് കുടിശ്ശിക ഇനത്തിൽ ആകെ കിട്ടാനുള്ളത് 1591 കോടി രൂപയാണ്. അതിൽ 1200 കോടിയും നൽകാനുള്ളത് തദ്ദേശഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളാണ്. ഗാർഹിക-ഗാർഹികേതര കണക്ഷനുകളിൽ കുടിശ്ശികയിനത്തിൽ 235.88 കോടി രൂപയും ലഭിക്കാനുണ്ട്. വർധിപ്പിച്ച നിരക്കനുസരിച്ച് നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് പ്രതിമാസം 120 രൂപയോളം അധികം നൽകേണ്ടി വരും.
നിലവിൽ വാട്ടർ അതോറിറ്റി 2391 കോടി രൂപ നഷ്‌ടത്തിലാണ്. ലിറ്ററിന് ഒരു പൈസ എന്ന നിരക്കിലാണ് വെള്ളക്കരത്തിൻ്റെ വർദ്ധനവ്. കുടിശ്ശിക യുദ്ധകാല അടിസ്ഥാനത്തിൽ പിരിച്ചെടുക്കുന്നതിനു വേണ്ടിയുള്ള നടപടി തുടങ്ങിയിട്ടുണ്ടെന്നും കുടിശ്ശിക തുക അടക്കാത്ത കണക്ഷനുകൾ വിച്ഛേദിക്കുമെന്നുമാണ് ജലവിഭവകുപ്പ് മന്ത്രി നിയമസഭയെ അറിയിച്ചത്. കുടിശ്ശിക പിരിച്ചെടുക്കുന്നതിന് ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെ എല്ലാ ഓഫിസുകളിലും വാർ റൂം പ്രവർത്തിച്ചു വരുന്നുണ്ട്.
കുടിശ്ശിക കൂടുതലുള്ള സ്ഥാപനങ്ങളിൽ ആംനസ്റ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ഇളവ് നൽകുന്നത് പരിഗണനയിലാണ്.
വെള്ളക്കരമുയർത്തിയും കണക്ഷൻ വിച്‌ഛേദിച്ചും സാധാരണക്കാരോട് കരുണയില്ലാതെ പെരുമാറുന്നതിനിടയിലാണ് വർഷങ്ങളായി ജലവിഭവ വകുപ്പ് തന്നെ ബില്ലടക്കാതെ വാട്ടർ അതോറിറ്റിയെ നഷ്‌ടത്തിലാക്കി കൊണ്ടിരിക്കുന്നത്. അതേ സമയം സംസ്ഥാന സർക്കാർ വെള്ളക്കരം വർധിപ്പിച്ചതിന്‍റെ പശ്ചാത്തലത്തിൽ പൊതുടാപ്പുകളുടെ എണ്ണം കുറയ്‌ക്കാൻ വിവിധ തദ്ദേശ സ്ഥാപനങ്ങൾ തീരുമാനമെടുത്തിരുന്നു. 2023ലെ ബജറ്റിൽ ജല അതോറിറ്റി മൂന്നിരട്ടി വരെ വെള്ളക്കരം വർധിപ്പിച്ചതോടെ, നിലവിലുള്ള വാട്ടർ ചാർജിലെ അമിത നിരക്ക് താങ്ങാനാകാത്ത സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ നടപടി.