തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി എ സമ്പത്തിനെ നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനം. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കേരള സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി പ്രവര്‍ത്തിക്കാനാണ് ഡോ എ സമ്പത്തിനെ നിയമിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരുമായുള്ള ഏകോപനമാകും സമ്പത്തിന്‍റെ പ്രധാന ചുമതല. വിവിധ മേഖലകളിലെ കേന്ദ്ര പദ്ധതികളും സഹായവും നേടിയെടുക്കുകയാകും പ്രധാന ദൗത്യം. സംസ്ഥാന മന്ത്രിക്ക് സമാനമായ ആനുകൂല്യങ്ങളോടും സൗകര്യങ്ങളോടും കൂടിയാണ് നിയമനം. ഈ മന്ത്രിസഭയുടെ കാലാവധിവരെയാണ് നിയമനകാലാവധി. ഇതിനായി ഒരു പ്രൈവറ്റ് സെക്രട്ടറി, രണ്ട് അസിസ്റ്റന്‍റ്, ഒരു ഓഫീസ് അറ്റന്‍ഡന്‍റ്, ഒരു ഡ്രൈവര്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
കാര്‍ഷിക- കാര്‍ഷികേതര വായ്പകളുടെ മൊറട്ടോറിയം അവസാനിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരാനും തീരുമാനിച്ചു. മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് പ്രത്യേക അനുമതിക്കായി എസ്എല്‍ബിസി റിസര്‍വ് ബാങ്കിന് കത്ത് നല്‍കിയിരുന്നെങ്കിലും മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ കത്ത് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ നേരിട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനും മൊറട്ടോറിയം കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി ഗവര്‍ണര്‍ നരേന്ദ്ര ജെയ്‌നും നല്‍കിയിരുന്നുവെങ്കിലും ഈ കത്തിനും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം വിളിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഓഖിയില്‍ മത്സ്യബന്ധനോപാധികള്‍ക്ക് നാശനഷ്ടം സംഭവിച്ച തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലെ 112 പേര്‍ക്ക് 58,82,126 രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. ഇതിനാവശ്യമായ തുക ഓഖി ഫണ്ടില്‍ നിന്നും അനുവദിക്കും.