തിരുവനന്തപുരം:കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കെടി ജലീലിന്‍റെ ആരോപണങ്ങൾ നിഷേധിച്ച് പികെ കുഞ്ഞാലിക്കുട്ടി. ജലീൽ പറയുന്നത് പച്ചക്കള്ളമാണെന്നും ലീഗിനെയും തന്നെയും കുറിച്ച് പറഞ്ഞാൽ കിട്ടുന്ന പ്രശസ്തിക്ക് വേണ്ടിയാണ് ജലീൽ ആരോപണം ഉന്നയിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ചന്ദ്രികയിൽ വന്ന പണത്തെക്കുറിച്ച് ഇഡി അന്വേഷിച്ചതാണ്. കൃത്യമായ വിവരങ്ങൾ ഫിനാൻഷ്യൽ ഡയറക്ടർ സമർപ്പിച്ചിരുന്നു. ഇത് പരിശോധിച്ച് ഉറപ്പു വരുത്താനാണ് പാണക്കാട് തങ്ങളെ ഇഡി കണ്ടത്. മകന് എതിരായ ആരോപണങ്ങളും കുഞ്ഞാലിക്കുട്ടി നിഷേധിച്ചു.
തന്‍റെ മകന്‍റേത് എൻആർഐ അക്കൗണ്ടല്ല എൻആർഇ അക്കൗണ്ടാണ്. നിയമസഭയിൽ പറഞ്ഞപ്പോൾ ചെറിയ പിശക് സംഭവിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമപരമായ ഇടപാടുകൾ മാത്രമാണ് നടക്കുന്നത്. നിക്ഷേപ സമാഹരണത്തിന്‍റെ ഭാഗമായാണ് എസ്ബിഐ മുഖേനയാണ് തന്‍റെ മകൻ പൈസ നിക്ഷേപിച്ചത്. മകൻ വർഷങ്ങളായി ഖത്തറിൽ എൻജിനീയറും വ്യവസായിയും ആണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.