തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് കേസിൽ കെ സുധാകരനെ അറസ്റ്റ് ചെയ്‌ത സംഭവത്തിൽ പ്രതിഷേധം ഇല്ലാതിരിക്കുന്നത് കോൺഗ്രസ് പ്രവർത്തകർക്ക് തന്നെ കാര്യങ്ങൾ മനസിലായതുകൊണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇക്കാര്യത്തിൽ രാഷ്ട്രീയ പ്രേരിതമാണെന്ന് മാത്രമല്ലേ കോൺഗ്രസിന് പറയാൻ സാധിക്കുകയുള്ളൂ എന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് ചോദിച്ചു.
കെപിസിസി പ്രസിഡന്‍റിനെ തെറ്റായ രീതിയിലാണ് അറസ്റ്റ് ചെയ്‌തത് എന്ന നിലയിലുള്ള പ്രതിഷേധം കേരളത്തിലുണ്ടാകാതിരിക്കുന്ന നില വന്നു. കോൺഗ്രസ് പ്രവർത്തകർ തന്നെ ഏറെക്കുറെ കാര്യങ്ങൾ മനസിലാക്കി കഴിഞ്ഞു. കോൺഗ്രസ് നേതാക്കളിൽ ചിലർ ആദ്യം ബോധ്യപ്പെടുത്തേണ്ടത് കോൺഗ്രസ് അണികളെയാണ്.
കോൺഗ്രസ് ആരോപിക്കുന്നത് പോലെ സുധാകരനെതിരെ അന്യായമായ നിലപാടാണ് സ്വീകരിച്ചതെങ്കിൽ വികാരം സ്വയം ഉയർന്നു വരേണ്ടെയെന്നും അങ്ങനെ എന്തെങ്കിലും വികാരം നാട്ടിൽ കണ്ടോയെന്നും മന്ത്രി ചോദിച്ചു. വീരപ്പൻ കാട്ടുകൊള്ളക്കെതിരെ പറയുന്നതിനേക്കാൾ ഭീകരമാണ് പ്രകാശ് ജാവദേക്കറും ബിജെപി ദേശീയ നേതാക്കളും മാധ്യമ വേട്ടക്കെതിരെ പറയുന്നത്.
ഇന്ത്യയിൽ സമീപ ദിവസങ്ങളിൽ നടന്ന മാധ്യമ വേട്ടകൾ മാത്രം പരിശോധിച്ചാൽ മതി. ഉത്തർ പ്രദേശിൽ മാത്രം 48 മാധ്യമ പ്രവർത്തകരെയാണ് ആക്രമിച്ചിട്ടുള്ളത്. 12 പേർ കൊല്ലപ്പെട്ടു. രാജ്യ തലസ്ഥാനത്ത് മാധ്യമങ്ങൾ കേന്ദ്ര സർക്കാരിനെ വിമർശിച്ചാൽ റെയ്‌ഡ് നടത്തുകയും മറ്റ് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയുമാണ്.
രാജ്യത്തെ മാധ്യമ വേട്ട ചൂണ്ടിക്കാട്ടുന്ന പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. എന്നാൽ കേരളത്തിലെ കോൺഗ്രസ് ഘടകം ഒന്നും മിണ്ടുന്നില്ല. പെയ്‌ഡ് ന്യൂസുകളുടെ കാലമായി ഇന്ത്യയിലെ മാധ്യമങ്ങൾ മാറി. സത്യസന്ധമായ മാധ്യമ പ്രവർത്തനം നടത്തുന്നതിന് ഒരു തടസവുമില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി തൃശൂർ, എറണാകുളം, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളിലായി 18 പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിച്ചതായും മന്ത്രി അറിയിച്ചു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വിവിധ പരിപാടികളിലായി ഇവയുടെ ഉദ്‌ഘാടനം നടക്കും.
സുധാകരന്‍റെ അറസ്റ്റ് : സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ വെള്ളിയാഴ്‌ച രാത്രിയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തത്. ഏഴ് മണിക്കൂർ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു സുധാകരന്‍റെ അറസ്റ്റ്. ഹൈക്കോടതി ഈ കേസിൽ രണ്ടാഴ്‌ചത്തെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ കെ സുധാകരനെ ജാമ്യം നൽകി വിട്ടയച്ചു.
50,000 രൂപയുടെ ബോണ്ടും, രണ്ട് ആൾ ജാമ്യത്തിലുമാണ് ഇത് അനുവദിച്ചത്. അതേസമയം കെ സുധാകരനെ അറസ്റ്റ് ചെയ്‌തത് സിപിഎം നിർദേശ പ്രകാരമെന്നാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. കേസെടുത്ത് അറസ്റ്റ് ചെയ്‌ത നടപടി തികച്ചും രാഷ്‌ട്രീയ പ്രേരിതമാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.
ALSO READ : Sudhakaran Arrest: മാറി നില്‍ക്കാമെന്ന് കെ.സുധാകരന്‍; ചങ്ക് കൊടുത്തും സംരക്ഷിക്കുമെന്ന് വി.ഡി സതീശന്‍
അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചു. കോൺഗ്രസ് ഒറ്റക്കെട്ടായി കെ സുധാകരന് പിന്തുണ നൽകുമെന്നും പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറിനിൽക്കാന്‍ അദ്ദേഹം തയാറായാൽ പോലും തങ്ങൾ അനുവദിക്കില്ലെന്നും വി ഡി സതീശന്‍ അറിയിച്ചിരുന്നു.