തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സർക്കാരിനൊപ്പം പ്രതിഷേധം സംഘടിപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ക്ലീൻ ചിറ്റുമായി കോണ്‍ഗ്രസ് നേതാവ് എം.എം ഹസന്‍. പൗരത്വ നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാൻ വേണ്ടിയാണ് ഭരണ പ്രതിപക്ഷങ്ങൾ ഒന്നിച്ച് പ്രതിഷേധിച്ചത്. അതിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് അടിസ്ഥാനമില്ല. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് കോട്ടം തട്ടുന്ന എന്തെങ്കിലും ഉണ്ടായാൽ എല്ലാ രാഷ്‌ട്രീയ വൈരാഗ്യങ്ങളും മറന്ന് സർക്കാരിനൊപ്പം പ്രതിപക്ഷവും നിൽക്കും. കോൺഗ്രസിനെ തോൽപ്പിക്കാൻ ഏത് ചെകുത്താനുമായും കൂട്ടുകൂടുമെന്ന് ഇഎംഎസ് പറഞ്ഞതു പോലെ വർഗീയതയെ തോൽപിക്കാൻ ഏത് രാക്ഷസനുമായും കോൺഗ്രസ് കൂട്ട് കൂടുമെന്നും ഹസൻ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ ജനമുന്നേറ്റ പ്രതിഷേധ സംഗമം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളും നിരവധി പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.