തിരുവനന്തപുരം: യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയലിനിടെ ഉദ്‌ഘാടന വേദിയിൽ ദേഹാസ്വാസ്ഥ്യം മൂലം എം.കെ മുനീർ എംഎൽഎ ബോധരഹിതനായി വീണു. സിപി ജോൺ പ്രസംഗിച്ച ശേഷം പ്രസംഗിക്കാനായി ഡയസിലേക്ക് എത്തിയപ്പോഴാണ് എം കെ മുനീർ പിന്നിലേക്ക് ബോധരഹിതനായി വീണത്. തുടർന്ന് ഡിസിസി പ്രസിഡന്‍റ് പാലോട് രവി, ശശി തരൂർ എം പി എന്നിവർ ചേർന്ന് മുനീറിനെ കസേരയിലേക്ക് പിടിച്ചിരുത്തി.
വേനൽ കടുക്കുകയും വേദിക്ക് മേൽക്കൂര ഇല്ലാതിരിക്കുകയും ചെയ്‌തതോടെ യുഡിഎഫിന്‍റ മുൻനിര നേതാക്കളെല്ലാം വിയർത്തുകുളിച്ചാണ് വേദിയിലിരുന്നത്. ഇതിനിടെ എം കെ മുനീറിന്‍റെ ഷുഗർ ലെവൽ താഴുകയും അദ്ദേഹം ബോധരഹിതനായി വീഴുകയുമായിരുന്നു. അല്‍പ സമയത്തിന് ശേഷം ആരോഗ്യനില വീണ്ടെടുത്ത അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്‌തു.
എൽഡിഎഫ് സർക്കാർ മൂന്നാം വർഷത്തിലേക്ക് കടക്കുന്നതിന്‍റെ ആഘോഷ പരിപാടികൾക്കിടെയാണ് ശക്തമായ പ്രതിഷേധ പരിപാടികളുമായി പ്രതിപക്ഷം രംഗത്തു വന്നത്. യുഡിഎഫ് പ്രഖ്യാപിച്ച സെക്രട്ടേറിയറ്റ് വളയൽ സമരം ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളില്‍ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരാണ് സെക്രട്ടേറിയറ്റ് വളയൽ സമരത്തിനായി തലസ്ഥാനത്ത് എത്തിയത്.
മാര്‍ച്ചില്‍ സംഘര്‍ഷം: ഇതിനിടെ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ നേരിയ സംഘര്‍ഷം ഉണ്ടായി. ബാരിക്കേഡിനിടയിലൂടെ സെക്രട്ടേറിയറ്റ് ജീവനക്കാരെ അകത്തേക്ക് പൊലീസ് കടത്തിവിട്ടതോടെയാണ് പ്രദേശത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. നോര്‍ത്ത് ഗേറ്റിന് സമീപമാണ് സംഘര്‍ഷം ഉണ്ടായത്. സെക്രട്ടേറിയറ്റ് അനക്‌സിന് സമീപം തീർത്ത ബാരിക്കേഡിന് വശത്ത് കൂടി ജീവനക്കാരെ പ്രവേശിപ്പിച്ചതും യുഡിഎഫ് പ്രവർത്തകർ തടഞ്ഞു. ഇവിടെയും പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഒന്നും തള്ളുമുണ്ടായി.
നേരത്തെയുള്ള ധാരണ പ്രകാരം ഒരു ഗേറ്റിലൂടെ ജീവനക്കാർക്ക് പ്രവേശനം അനുവദിക്കാമെന്ന് സമ്മതിച്ചിരുന്നതാണെന്നും എന്നാൽ പൊലീസ് സമരത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നുമാണ് യുഡിഎഫ് പ്രവർത്തകർ ആരോപിക്കുന്നത്. ജീവനക്കാരെ തടയാൻ അനുവദിക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്.
ഐഐഎസ് ഉദ്യോഗസ്ഥനെയും ജീവനക്കാരിയെയും തടഞ്ഞു: അനക്‌സിന് സമീപം ബാരിക്കേഡിന് ഇടയിലൂടെ അകത്ത് കടക്കാന്‍ ശ്രമിച്ച ജീവനക്കാരിക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാഞ്ഞടുത്തു. പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചത്. ഇതിനിടെ സാംസ്‌കാരിക വകുപ്പ് ഡയറക്‌ടർ ഡോക്‌ടർ എസ് സുബ്രഹ്മണ്യൻ ഐഐഎസിനെയും പ്രതിഷേധക്കാര്‍ തടയുകയുണ്ടായി. ബാരിക്കേഡ് വച്ച് തടഞ്ഞ വഴിയിലൂടെ സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഡോക്‌ടർ എസ് സുബ്രഹ്മണ്യനെ പ്രവപര്‍ത്തകര്‍ തടഞ്ഞത്. ഔദ്യോഗിക വാഹനത്തിൽ എത്തിയ സുബ്രഹ്മണ്യന്‍ വാഹനം നിർത്തി നടന്ന് ബാരിക്കേഡ് കടന്ന് പോകാൻ ശ്രമിക്കുകയായിരുന്നു.
സംഘര്‍ഷാവസ്ഥ ഉണ്ടായതോടെ സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് പിൻമാറിയ ഉദ്യോഗസ്ഥൻ വാഹനത്തിൽ കയറാതെ മറ്റൊരു വഴിയിലൂടെ നടന്നു പോവുകയായിരുന്നു. അദ്ദേഹത്തിന്‍റെ ഔദ്യോഗിക വാഹനത്തിന് നേരെയും യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ്, വാഹനം സുരക്ഷിതമായി തിരികെ അയച്ചു.
അനക്‌സിന് സമീപം പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് തള്ളിമാറ്റി. യുഡിഎഫിന്‍റെ സമാധാനപരമായ സമരത്തെ ചിലർ തകർക്കാൻ ശ്രമിക്കുകയാണെന്ന് കെഎം അഭിജിത്ത് ആരോപിച്ചു. നേരത്തെ തന്നെ പ്രഖ്യാപിച്ച സമരമാണ്. അതിനെ പൊളിക്കാനായി ചില ഇടത് യൂണിയനുകളും പൊലീസിലെ ചില ഉദ്യോഗസ്ഥരും ശ്രമിക്കുന്നതായി അഭിജിത്ത് ആരോപിച്ചു.