തിരുവനന്തപുരം : പരീക്ഷാഭവനിൽ ഫോൺ എടുക്കുന്നില്ലെന്ന പരാതിയെ തുടർന്ന് മിന്നൽ സന്ദർശനം നടത്തി മന്ത്രി വി. ശിവൻകുട്ടി. വിളിക്കുന്ന അപേക്ഷകർക്കും പരാതിക്കാർക്കും വേണ്ട വിവരങ്ങൾ ലഭിക്കുന്നില്ലെന്നും പലപ്പോഴും റിസപ്ഷനിൽ ഫോണെടുക്കുന്നില്ലെന്നുമുള്ള പരാതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മന്ത്രി മിന്നൽ സന്ദർശനം നടത്തിയത്.
ALSO READ:കള്ളപ്പണം വെളുപ്പിക്കൽ : വി.കെ ഇബ്രാഹിംകുഞ്ഞിനെതിരായ ഇഡി അന്വേഷണത്തിന് സ്റ്റേ
പരീക്ഷാഭവനിൽ എത്തിയ മന്ത്രി റിസപ്ഷനിലേക്ക് നേരെ കയറിച്ചെന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരനോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഉന്നത ഉദ്യോഗസ്ഥരോട് മന്ത്രി തനിക്ക് ലഭിച്ച പരാതികൾ ചൂണ്ടിക്കാട്ടി.
അപേക്ഷകരുടെയും പരാതിക്കാരുടെയും ഫോൺ അറ്റൻഡ് ചെയ്യാൻ കൂടുതൽ ആളുകളെ നിയോഗിക്കണമെന്നും വേണ്ടിവന്നാൽ കൂടുതൽ ടെലിഫോൺ ലൈനുകൾ ഇതിനായി ഉപയോഗിക്കണമെന്നും മന്ത്രി നിർദേശം നൽകി.
ഇത്തരത്തിലുള്ള പരാതി ഇനിമേൽ ഉണ്ടാകരുതെന്നും അതിനുവേണ്ട നടപടികൾ കൈക്കൊള്ളണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. വേണ്ട നടപടികൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ മന്ത്രിക്ക് ഉറപ്പുനൽകി. റിസപ്‌ഷനും പരിസരപ്രദേശങ്ങളും വൃത്തിയാക്കണമെന്ന നിർദേശം കൂടി നൽകിയാണ് മന്ത്രി മടങ്ങിയത്.