തിരുവനന്തപുരം : സ്‌കൂള്‍ സമയം മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. മിക്‌സഡ് യൂണിഫോമിന്‍റെ കാര്യത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പാഠ്യപദ്ധതി പരിഷ്‌കരണത്തിനെതിരെ സഭയില്‍ മുസ്‌ലിം ലീഗ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു.
ജെന്‍ഡര്‍ ന്യൂട്രോലിറ്റിയല്ല ജെന്‍ഡര്‍ കണ്‍ഫ്യൂഷനാണ് നടക്കുന്നതെന്ന് പറഞ്ഞാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തെ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിയമസഭയില്‍ എതിര്‍ത്തത്. ജെന്‍ഡര്‍ വേര്‍തിരിവ് ജൈവശാസ്ത്രപരമെന്നും മറിച്ചുള്ള നിലപാട് വിവരക്കേടാണെന്നും ഷംസുദ്ദീന്‍ കുറ്റപ്പെടുത്തി. പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ഇതുവരെ സ്വീകരിച്ച നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി.
പൊതുസമൂഹത്തിന്‍റെ അഭിപ്രായം ആരായുന്നതിനുള്ള ആശയം മാത്രമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഒരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ല. സ്‌കൂള്‍ സമയ മാറ്റം, പൊതു യൂണിഫോം, മിക്‌സഡ് സ്‌കൂള്‍ എന്നിങ്ങനെ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
മിക്‌സഡ് ബഞ്ച് - ഹോസ്റ്റല്‍ അങ്ങനെ ഒരു നിര്‍ദേശവുമില്ല. മിക്‌സഡ് ഹോസ്റ്റല്‍ എന്നത് കേരളത്തില്‍ നടക്കാത്ത കാര്യമാണെന്നും മന്ത്രി പറഞ്ഞു. ചില തീവ്രവാദ സംഘടനകള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തെ മുതലെടുക്കാന്‍ ശ്രമിക്കുകയാണ്. സ്ത്രീകളും പുരുഷന്‍മാരും തമ്മിലുള്ള അസമത്വം ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.