തിരുവനന്തപുരം: അമൽജ്യോതിയിലെ വിദ്യാർഥിയുടെ മരണത്തിന് മേലുള്ള അന്വേഷണം വേഗത്തിൽ മുന്നോട്ടു പോകുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. മാനേജ്‌മെന്‍റിന് കൂട്ട് നിൽക്കുമെന്ന ആരോപണം തെറ്റാണെന്നും കുട്ടികളുടെ ഒപ്പം നിൽക്കുക എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ശ്രദ്ധക്കും മറ്റു കുട്ടികൾക്കും നീതി ലഭിക്കണം. ആ വിഷയത്തിൽ സംശയം വേണ്ട. അതിന് വേണ്ടിയുള്ള നടപടിയാണ് പുരോഗമിക്കുന്നത് - മന്ത്രി പറഞ്ഞു.
ജൂണ്‍ രണ്ടിന് രാത്രിയാണ് തൃപ്പൂണിത്തുറ സ്വദേശി ശ്രദ്ധ സതീഷിനെ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനിയറിങ് കോളജിലെ ഹോസ്‌റ്റലിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. ഇതോടെ ആത്മഹത്യയിൽ കോളജിലെ അധ്യാപകർക്ക് പങ്കുണ്ടെന്ന് ആരോപിച്ച് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. അമൽജ്യോതി കോളജിലെ രണ്ടാം വർഷ ഫുഡ് ടെക്‌നോളജി വിദ്യാർഥിനിയായിരുന്നു ശ്രദ്ധ.
കോളജ് മാനേജ്‌മെന്‍റിനെതിരെ വ്യാപക പ്രതിഷേധം: ശ്രദ്ധയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളും വിവിധ വിദ്യാർഥി സംഘടനകളും രംഗത്തെത്തിയിരുന്നു. ശ്രദ്ധയുടെ കൊലപാതകത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് കോളജ് മാനേജ്മെന്‍റിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഡിവൈഎസ്‌പി ടി എം വർഗീസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനാണ് അന്വേഷണ ചുമതല. പൊലീസ് ഇന്നലെ കോളജിലെത്തി ലാബിലും ശ്രദ്ധയുടെ ഹോസ്‌റ്റല്‍ മുറിയിലും പരിശോധന നടത്തിയിരുന്നു.
അതേസമയം, ശ്രദ്ധ സതീഷിന്‍റെ മരണത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മുഖ്യമന്ത്രിക്ക് ശ്രദ്ധയുടെ രക്ഷിതാക്കൾ നൽകിയ പരാതി കമ്മീഷന് ലഭിച്ചിരുന്നു. അന്വേഷണ വിവരങ്ങൾ കമ്മീഷനെ അറിയിക്കാൻ കാഞ്ഞിരപ്പള്ളി എസ് എച്ച് ഒയ്ക്ക് വനിത കമ്മീഷൻ നിർദേശം നൽകി.
ഹൈക്കോടതിയെ സമീപിച്ച് കോളജ് മാനേജ്മെന്‍റ്: വിദ്യാർഥിനിയുടെ ആത്മഹത്യയെ തുടർന്ന് കോളജില്‍ പ്രതിഷേധം നടക്കുന്നതിനാൽ സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് കോളജ് പ്രിൻസിപ്പൽ ഫാ ഡോ മാത്യു പൈക്കാട്ട്. ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന് ആരോപിച്ചാണ് മാനേജ്മെന്‍റ് കോടതിയെ സമീപിച്ചത്. നിലവിൽ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ക്ലാസുകൾ ഓൺലൈൻ ആയാണ് നടക്കുന്നത്.
വിദ്യാർഥികൾക്കെതിരെ കേസെടുത്തിട്ടില്ല: അമൽജ്യോതി കോളജിൽ പ്രതിഷേധം നടത്തിയ 50 വിദ്യാർഥികൾക്കെതിരെ കേസെടുത്തുവെന്നത് തെറ്റായ വാർത്തയാണെന്ന് കോട്ടയം പൊലീസ് മേധാവി കെ കാര്‍ത്തിക് അറിയിച്ചു. വിദ്യാർഥികൾക്കെതിരെ യാതൊരു പ്രതികരണ നടപടിയും ഉണ്ടാകരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയിരുന്നു. ശ്രദ്ധയുടെ മരണത്തിൽ ജന്മനാടായ തിരുവാങ്കുളം ജങ്ഷനില്‍ കോളജിനെതിരെ പ്രതിഷേധo സംഘടിപ്പിച്ചു. സുഹൃത്തുക്കൾ ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധത്തിൽ അനൂപ് ജേക്കബ് എംഎൽഎ അടക്കമുള്ളവർ പങ്കെടുത്തു.
കോളജിന് ഒരു മാസത്തേയ്‌ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി: അമല്‍ജ്യോതി എഞ്ചിനിയറിങ് കോളജിന് ഒരു മാസത്തേയ്‌ക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ജില്ല പൊലീസ് മേധാവി, കാഞ്ഞിരപ്പള്ളി എസ് എച്ച് ഒ എന്നിവര്‍ക്കാണ് സുരക്ഷ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്‍റേതാണ് ഇടക്കാല ഉത്തരവ്.
വിദ്യാര്‍ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്നുള്ള പ്രതിഷേധത്തില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കോളജ് നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. എതിര്‍ കക്ഷികളായ രാഷ്‌ട്രീയ യുവജന സംഘടനകള്‍ക്ക് പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ് അയയ്‌ക്കാനും കോടതി നിര്‍ദേശം നല്‍കി. അഡ്‌മിഷന്‍ നടപടികള്‍ക്ക് തടസങ്ങള്‍ ഉണ്ടാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി.