തിരുവനന്തപുരം: സംസ്ഥാനത്തെ ഏകീകൃത തദ്ദേശ ഭരണ വകുപ്പ് രൂപീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ എത്തിക്കുന്നതിനാണ് തദ്ദേശ വകുപ്പിനെ ഏകീകരിക്കുന്നത്. ഇതിലൂടെ ജനങ്ങളുടെ പരാതി പരിഹരിക്കാൻ സ്ഥിര അന്താലത്ത് സംവിധാന രൂപപ്പെടുമെന്ന് മന്ത്രി നിയമസഭയിൽ ചോദ്യോത്തര വേളയിൽ വ്യക്തമാക്കി.
സർക്കാർ സേവനങ്ങൾ പൂർണമായും ഓൺലൈനിൽ ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന്‍റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കോർപറേഷനുകളിലും നഗരസഭകളിലും ഡിജിറ്റൽ സേവനങ്ങൾ നടപ്പിലാക്കുന്ന പദ്ധതി അവസാനഘട്ടത്തിലാണ്. പല തദ്ദേശ സ്ഥാപനങ്ങളും ഇത്തരം ഓൺലൈൻ സംവിധാനത്തിലേക്ക് പൂർണമായി മാറിയിട്ടുണ്ട്.
സമയബന്ധിതമായി പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ശ്രമിക്കുന്നത്. പൊതുജനങ്ങളുടെ പരാതി പരിഹരിക്കാൻ വൈകുന്നത് അംഗീകരിക്കാൻ കഴിയില്ല. ഇതാണ് സർക്കാർ നിലപാട്. ഇതനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.
തദ്ദേശ വകുപ്പുകളുടെ ഏകീകരണം നടക്കുന്നതോടെ പരാതികൾ പരിഹരിക്കാൻ വൈകുന്നു എന്ന ആക്ഷേപം അവസാനിപ്പിക്കാൻ കഴിയും. തദ്ദേശ സ്ഥാപനങ്ങളുടെ ഫയൽ തീർപ്പാക്കൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയതോടെ പുരോഗതി ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏകീകൃത സോഫ്റ്റ്‌വെയർ എന്ന സാധ്യത ആലോചിക്കുകയാണ്.
ജനങ്ങൾ ഓഫീസുകളിൽ എത്താതെ തന്നെ ഓൺലൈനായി സേവനം ലഭ്യമാക്കും. ഇതിനായുള്ള ശ്രമകരമായ പ്രവർത്തനമാണ് നടക്കുന്നതെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.