തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യാജതെളിവുകള്‍ സമര്‍പ്പിച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ചുവെന്ന് മന്ത്രി ജെ.മേഴ്‌സികുട്ടിയമ്മ. ഇഎംസിസി പ്രതിനിധികളുമായി താൻ അമേരിക്കയിൽ വച്ച് ചർച്ച നടത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് പുറത്ത് വിട്ട ചിത്രം കേരളത്തിൽ വച്ചുള്ളതാണ്. ഇഎംസിസിയെ പോലെയുള്ള തട്ടിപ്പ് സംഘം പറയുന്നതാണ് പ്രതിപക്ഷ നേതാവിന് വിശ്വാസം. അല്ലെങ്കിൽ അദ്ദേഹത്തിന് മത്സ്യനയത്തെ പറ്റി വ്യക്തതയില്ലാത്തത് കൊണ്ടാകാം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്ന മത്സ്യനയത്തിലെ 2.9 റദ്ദാക്കണമോയെന്ന് ഷിബു ബേബി ജോണും ബോട്ടുടമ അസോസിയേഷനും വ്യക്തമാക്കണം. താൻ മലക്കം മറിഞ്ഞുവെന്നത് മാധ്യമ സൃഷ്ടിയാണ്. ആരോപണത്തെ മാധ്യമങ്ങൾ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിച്ചു. മാധ്യമങ്ങൾക്ക് ഇതില്‍ നിന്നും പിന്മാറേണ്ടി വരുമെന്നും മേഴ്‌സികുട്ടിയമ്മ പറഞ്ഞു.
വിവാദങ്ങള്‍ ഉണ്ടായതില്‍ സന്തോഷമുണ്ട്. പ്രതിപക്ഷം അടിസ്ഥാനരഹിതമായ വിവാദങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ഇതിലൂടെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മത്സ്യനയത്തെ ദുർവ്യാഖ്യാനം ചെയ്‌താണ് വിവാദമുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു. ഉപരിതല മത്സ്യബന്ധനത്തിന് മാത്രമാണ് കേരളത്തിൽ അനുമതിയുള്ളത്. അടിത്തട്ട് ഇളക്കിമറിച്ചുള്ള മത്സ്യബന്ധനത്തിന് തദ്ദേശീയരെയും അനുവദിച്ചിട്ടില്ല. ശാസ്ത്രീയ മത്സ്യബന്ധന രീതികൾ മത്സ്യത്തൊഴിലാളികളെ പരിശീലിപ്പിക്കുകയാണ് രീതി. പ്രതിപക്ഷ നേതാവിന് തീരദേശ മേഖലയിലെ പ്രശ്‌നങ്ങൾ അറിയില്ലെന്നും മേഴ്‌സികുട്ടിയമ്മ പറഞ്ഞു.