തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇടത് നയത്തിന് വിരുദ്ധമായി തീരുമാനം എടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. വ്യാജ വാർത്തകൾ നൽകി കെഎസ്ആർടിസിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും കെഎസ്ആർടിസിയുടെ പ്രതിസന്ധിക്ക് പ്രധാന കാരണം കേന്ദ്രസർക്കാർ നിലപാടാണെന്നും മന്ത്രി നിയമസഭയിലെ ചോദ്യോത്തര വേളയിൽ പറഞ്ഞു. മാനേജ്മെന്‍റ് അടുത്തിടെ പുറത്തിറക്കിയ ഉത്തരവുകളിലും മന്ത്രി വ്യക്തത വരുത്തി.
ടാർഗറ്റ് അടിസ്ഥാനത്തിൽ വരുമാനം കണക്കാക്കി ശമ്പളം നൽകാമെന്ന മാനേജ്മെന്‍റ് ഉത്തരവിൽ, ടാർഗറ്റ് അനുസരിച്ച് കളക്ഷൻ ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് മാനേജ്മെന്‍റ് വിലയിരുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ശമ്പളം ഗഡുക്കളായി നൽകാമെന്ന ഉത്തരവിലും മന്ത്രി നിലപാട് വ്യക്തമാക്കി.
ശമ്പളത്തിന്‍റെ ഒരു വിഹിതമെങ്കിലും ആദ്യ ദിവസം നൽകണമെന്ന് നിരവധി ജീവനക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ജീവനക്കാർ പോലും ശമ്പളം ഗഡുക്കളായി വേണ്ടെന്ന് എഴുതി നൽകിയിട്ടില്ല. യൂണിയനുകൾ അല്ലാതെ ആരും ശമ്പളം ഗഡുക്കളായി നൽകുന്നതിന് എതിരല്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
സർക്കുലറിനെ ദുർവ്യാഖ്യാനം ചെയ്‌തുകൊണ്ടുള്ള പ്രസ്‌താവനകളാണ് നടത്തുന്നത്. ശമ്പളം ഗഡുക്കളായി വാങ്ങണമെന്ന് ഒരു നിർബന്ധവുമില്ല. അംഗീകൃത ട്രേഡ് യൂണിയനുകളുമായി മാനേജ്മെന്‍റ് നിരന്തരം ചർച്ച നടത്തുന്നുണ്ട്. നിർബന്ധിത വിആർഎസ് സംബന്ധിച്ച വാർത്തകളിലും മന്ത്രി വ്യക്തത വരുത്തി.
കാര്യമറിയാവുന്ന ആരും ഇത്തരത്തിലൊരു പരാതി ഉന്നയിക്കില്ല. ആർക്കും നിർബന്ധിച്ചു വിആർഎസ് കൊടുക്കുന്ന പ്രശ്‌നമില്ല. ജീവനക്കാർക്ക് ഒരു മാസത്തെ ശമ്പളവും നൽകാൻ ബാക്കിയില്ല. വ്യാജ വാർത്തകൾ നൽകി കെഎസ്ആർടിസിയെ തകർക്കാൻ ശ്രമിക്കുന്നു. വാർത്തകളും വസ്‌തുതയുമായി യാതൊരു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്‍റെ ആഗ്രഹം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകണം എന്നതാണ്. കഴിഞ്ഞ മാസത്തെ ശമ്പളവും ഉടൻ നൽകും. കെഎസ്ആർടിസിയിൽ വരുമാനത്തേക്കാൾ കൂടുതലാണ് ചെലവ്. ഗ്രാമവണ്ടി പദ്ധതി രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട പദ്ധതിയായി മാറിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.