തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ പാൽ വിലയിൽ അഞ്ച് രൂപയിലധികം വർധനവുണ്ടാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. പാൽ വില കൂട്ടാൻ മിൽമയ്‌ക്ക് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു. പാൽ വില കൂട്ടുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ചു.
സമിതി ചർച്ചകളും പരിശോധനയും നടത്തുകയാണ്. കർഷകരുടേതടക്കം അഭിപ്രായം തേടി പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാകും വില വർധിപ്പിക്കുക. മിൽമയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം വർധനവ് ഉണ്ടാകും.
ഡിസംബറിന് മുൻപ് തന്നെ മിൽമ റിപ്പോർട്ട് സമർപ്പിക്കുമെന്നും പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നതിന്‍റെ മേഖലാതല ഉദ്‌ഘാടനം നിർവഹിച്ച ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മിൽമയുടെ മൂല്യവർധിന ഉത്പന്നങ്ങളായ ഗ്രീക്ക് യോഗർട്ട്, മിനികോൺ, മിൽക്ക് സിപ്പ് അപ്പ്, ഫ്രൂട്ട് ഫൺ ഡേ എന്നിവയാണ് പുതുതായി വിപണിയിലിറക്കിയത്. ഗതാഗത മന്ത്രി ആന്‍റണി രാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മിൽമ തിരുവനന്തപുരം യൂണിയൻ മാനേജിങ് ഡയറക്‌ടർ ഡി എസ് കോണ്ട ചടങ്ങിൽ പങ്കെടുത്തു.