തിരുവനന്തപുരം: കിളിമാനൂർ മലയാമഠത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി . തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി ചെല്ലമണിയാണ് (40) കൊല്ലപ്പെട്ടത്. നിർമാണ തൊഴിലാളിയായ ചെല്ലമണിയും സഹപ്രവർത്തകരായ നാല് ഇതര സംസ്ഥാന തൊഴിലാളികളും തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്ന് രാവിലെ 6:45ഓടെ പ്രദേശവാസികളായ തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. ചെല്ലമണിക്ക് പുറമെ വലിയ മുറിവോ പരിക്കോ കണ്ടില്ലെന്നാണ് വിവരം. തുടർന്ന് നടന്ന പരിശോധനയിലാണ് ചെല്ലമണി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷിക്കുന്ന മൂന്ന് പേര്‍ പൊലീസിന്‍റെ പിടിയിലായെന്നാണ് സൂചന.
കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് ശേഷം ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷമുണ്ടായ സംഘർഷമാവാം കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഡിണ്ടിഗൽ സ്വദേശികളായ ഇവർ വർഷങ്ങളായി എറണാകുളത്ത് കുടുംബസമേതം താമസിച്ചു വരികയാണ്. കിളിമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.