വാഷിങ്‌ടണ്‍: നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ജനുവരിയിൽ അധികാരമേറ്റതിന് ശേഷം രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തും. ഇതിനായി "ദേശീയ അടിയന്തരാവസ്ഥ" പ്രഖ്യാപിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചെന്ന് വാഷിങ്‌ടണ്‍ പോസ്‌റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിർത്തി സുരക്ഷയ്ക്കും ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്‍റിനും പ്രഥമ പരിഗണന നൽകുമെന്ന് ഉറപ്പിച്ചുകൊണ്ട് ട്രൂത്ത് സോഷ്യലിൽ പോസ്‌റ്റ് ചെയ്‌ത സന്ദേശത്തിലാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യം ട്രംപ് വ്യക്തമാക്കിയത്.
അനധികൃത കുടിയേറ്റക്കാരെ അമേരിക്കയില്‍ നിന്നും നാടുകടത്താൻ സൈന്യത്തെയും ഉപയോഗിക്കും. അതിവേഗത്തില്‍ സുഗമമായ രീതിയില്‍ കുടിയേറ്റക്കാരെ നാടുകടത്താനാണ് പുതിയ ട്രംപ് ഭരണകൂടം അമേരിക്കൻ സൈന്യത്തെയും ഉപയോഗിക്കുന്നതെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പിലുടനീളം കുടിയേറ്റം വലിയ വഷയമായിരുന്നു. താൻ അധികാരത്തില്‍ എത്തിയാല്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇതിനുപിന്നാലെ, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്നുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്‌റ്റിന് താഴെ 'സത്യം' എന്ന് മറുപടി നല്‍കിയാണ് ട്രംപ് ഇക്കാര്യം ഇപ്പോള്‍ വ്യക്തമാക്കിയത്. ക്രിമിനൽ പശ്ചാത്തലമുള്ള 425,000 അനധികൃത കുടിയേറ്റക്കാരെ ആദ്യം നാടുകടത്തുകയും, ട്രംപ് ഭരണകൂടം പൊതു സുരക്ഷയ്ക്കും ദേശീയ സുരക്ഷയ്ക്കും മുൻഗണന നൽകുമെന്നും വലതുപക്ഷ നേതാവായ സാർ ടോം ഹോമാൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
കുടിയേറ്റക്കാരെ നാടുകടത്തില്ലെന്ന ഡെമോക്രാറ്റ് ഗവര്‍ണര്‍മാരുടെ നിലപാടിനെതിരെയാണ് സാർ ടോം ഹോമാൻ രംഗത്തെത്തിയത്. 'ജനുവരി 20-ന് ഈ ഭ്രാന്തുകളെല്ലാം അവസാനിക്കും. ഫെഡറൽ നിയമം ഓരോ തവണയും സംസ്ഥാന നിയമത്തെ മറികടക്കുന്നു' എന്ന് കാലിഫോർണിയ, ഇല്ലിനോയിസ്, മസാച്യുസെറ്റ്സ് എന്നിവിടങ്ങളിലെ ഡെമോക്രാറ്റ് ഗവർണർമാർക്കുള്ള മുന്നറിയിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. ഇതിനെ പിന്തുണച്ചാണ് ഇപ്പോള്‍ ട്രംപ് രംഗത്തെത്തിയത്.
അനധികൃത കുടിയേറ്റത്തിനെതിരെയുള്ള നിലപാടുകള്‍, പണപ്പെരുപ്പവും വിലക്കയറ്റവും തടയാനുള്ള മാര്‍ഗങ്ങള്‍ എന്നിവയില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് ട്രംപിനെ അമേരിക്കൻ ജനത രണ്ടാം തവണയും പ്രസിഡന്‍റായി തെരഞ്ഞെടുത്തതെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 20ന് വീണ്ടും അമേരിക്കൻ പ്രസിഡന്‍റ് ആയി സത്യപ്രതിജ്ഞ ചെയ്‌തതിന് ശേഷം "ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ" ആരംഭിക്കുമെന്ന് ട്രംപ് ഉറപ്പിച്ചു.
പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭരണകാലത്ത് റെക്കോഡ് കുടിയേറ്റക്കാർ അനധികൃതമായി രാജ്യത്ത് കടന്നിട്ടുണ്ടെന്നും, ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുമെന്നും മെക്‌സിക്കോയുമായുള്ള അതിർത്തി സ്ഥിരപ്പെടുത്തുമെന്നും ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.