തിരുവനന്തപുരം: വൻ വിജയമായി തിരുവനന്തപുരം കനകക്കുന്നിലെ മിയാവാക്കി വനമാതൃക. ഒരു വർഷം മുമ്പ് അഞ്ച് സെന്‍റിൽ ഇവിടെ മരങ്ങൾ നട്ടത്. പദ്ധതി വിജയമായതോടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വ്യാപിപ്പിക്കാനുള്ള ആലോചനയിലാണ് സർക്കാർ.
ഏത് തിരക്കുപിടിച്ച നഗരത്തിലും അഞ്ച് സെന്റ് സ്ഥലത്ത് ഒരു കുഞ്ഞു വനം നിർമ്മിക്കാം. ജാപ്പനീസ് സസ്യ ശാസ്ത്രജ്ഞനായ അകിരാ മിയാവാക്കിയാണ് ഈ മാതൃകയുടെ ഉപജ്ഞാതാവ്. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്കും തിരക്കേറിയ സ്ഥലങ്ങളിൽ കൂടുതൽ ഓക്സിജൻ നിലനിർത്താനും മിയാവാക്കി വനം സഹായിക്കും.
പദ്ധതി വിജയിക്കുമോ എന്ന തുടക്കത്തിലെ സംശയം അസ്ഥാനത്താക്കി ചെറുതും വലുതുമായ നാനൂറിലേറെ സസ്യങ്ങളാണ് ഇപ്പോൾ ഇവിടെ വളരുന്നത്. തേക്ക്, ആവണക്ക്, പ്ലാവ്, കൊടുവേലി, പൂവരശ്, പേരാൽ, കുറുന്തോട്ടി, ഇലവ് തുടങ്ങിയവയൊക്കെ ഇതിൽപ്പെടും. 48 തരം പ്രാണികളെയാണ് അടുത്തിടെ ഇവിടെ കണ്ടെത്തിയത്. നേച്ചേഴ്സ് ഗ്രീൻ ഗാർഡിയൻ ഫൗണ്ടേഷൻ, ഇൻവിസ് മൾട്ടിമീഡിയ, കൾച്ചറൽ ഷോപ്പി, ഓർഗാനിക് കേരള മിഷൻ എന്നിവ ചേർന്നാണ് മാതൃകാവനം തയ്യാറാക്കിയത്.