തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്‌ച മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. സംസ്ഥാനത്താകെ മിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശിയേക്കാം. മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിൽ സാധ്യതയും നിലനിൽക്കുന്നതിനാൽ അതീവജാഗ്രത വേണമെന്നാണ് അറിയിപ്പ്. ചൊവ്വാഴ്ച തുലാവർഷം എത്തുന്നതിന് മുന്നോടിയായി തെക്കൻ തമിഴ്‌നാട് തീരത്ത് ചക്രവാത ചുഴി രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം.
Also Read: ഇരുട്ടടി തുടരുന്നു ; ഇന്ധനവിലയിൽ വീണ്ടും വർധനവ്
ഞായറാഴ്ച വരെ മഴ തുടരും എന്നാണ് മുന്നറിയിപ്പ്. ഇന്നലെ വടക്കൻ ജില്ലകളിൽ പലയിടത്തും കനത്ത മഴയായിരുന്നു. മലപ്പുറത്തും പാലക്കാടും ഉരുൾപൊട്ടി. മൂന്നാർ അഞ്ചാംമൈലിൽ മണ്ണിടിച്ചിലുണ്ടായി. മഴ കനത്തതോടെ കല്ലാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ 10 സെൻറീമീറ്റർ വരെ ഉയർത്തി.
കല്ലാർ, ചിന്നാർ പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തൃശ്ശൂർ ജില്ലകളിലെ ഡാമുകളിൽ ജലനിരപ്പ് കൂടിയതോടെ പീച്ചി, പെരിങ്ങൽകുത്ത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചിമ്മിനി ഡാമിന്റെയും മാട്ടുപ്പെട്ടി അണക്കെട്ടിന്റേയും ഷട്ടറുകൾ ഇന്ന് കൂടുതൽ ഉയർത്തുമെന്നും അധികൃതര്‍ അറിയിച്ചു.