തിരുവനന്തപുരം: കുസാറ്റിന് (Cochin University of Science and Technology) പിന്നാലെ സാങ്കേതിക സര്‍വകലാശാലയിലും (കെടിയു) ഇനി മുതല്‍ ആര്‍ത്തവാവധി. സര്‍വകലാശാലയ്ക്ക് (APJ Abdul Kalam Technological University) കീഴിലെ എല്ലാ കോളേജിലും വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിക്കാന്‍ ബോര്‍ഡ് ഓഫ് ഗവേര്‍ണന്‍സ് തീരുമാനിച്ചു. ആര്‍ത്തവസമയത്ത് വിദ്യാര്‍ത്ഥിനികള്‍ അനുഭവിക്കുന്ന മാനസിക - ശാരീരിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് തീരുമാനം.
ആര്‍ത്തവ അവധി ലഭിച്ചാല്‍ പെണ്‍കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ 73 ശതമാനം ഹാജര്‍ മതി. പൊതുവേ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും 75 ശതമാനം ഹാജര്‍ ഉണ്ടെങ്കില്‍ മാത്രമേ പരീക്ഷ എവുതാന്‍ അനുവദിക്കൂ. അതേ സമയം ആരോഗ്യപരമായ കാരണങ്ങള്‍ക്ക് ഇളവ് ലഭിക്കും. പക്ഷെ അതിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്.
അവധി അപേക്ഷ വൈസ് ചാന്‍സലര്‍ അംഗീകരിച്ചാലും സ്‌പെഷ്യല്‍ ഫീസ് അടച്ചാലേ പരീക്ഷ എഴുതാനാവൂ. എന്നാല്‍ കുസാറ്റില്‍ പുതിയ ഉത്തരവ് പ്രകാരം ഇനി പെണ്‍കുട്ടികള്‍ക്ക് ഹാജര്‍ ഇളവിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട. ആര്‍ത്തവദിനങ്ങളും തെളിയിക്കേണ്ട. ആര്‍ത്തവാനുകൂല്യം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയാല്‍ മതി.
കുസാറ്റ് മാതൃക കെടിയുവും പിന്തുടരും: കേരളത്തിലാദ്യമായി കൊച്ചിയിലെ കുസാറ്റ് സര്‍വകലാശാലയാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യ പ്രകാരം ആര്‍ത്തവാവധി പ്രഖ്യാപിച്ചത്. ഈ മാതൃകയില്‍ എല്ലാ സര്‍വ്വകലാശാലകളിലും ആര്‍ത്തവാവധി നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി മന്ത്രി ഡോ ആര്‍ ബിന്ദു വ്യക്തമാക്കിയിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നടപ്പാക്കിയ ആര്‍ത്തവാവധി മാതൃക സംസ്ഥാന വ്യാപകമാക്കുന്നത് പരിഗണിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥി സംഘടനകൾ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.