തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവിനും പെൺകുഞ്ഞ് പിറന്നു. തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിൽ വ്യാഴാഴ്‌ച രാവിലെ ആയിരുന്നു പ്രസവം. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നതായി ആര്യയുടെ പിതാവ് അറിയിച്ചു.
സിപിഎമ്മിന്‍റെ യുവനേതാക്കൾ എന്ന നിലയിൽ ആര്യയുടെയും സച്ചിൻ ദേവിന്‍റെയും വിവാഹം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 2022 സെപ്റ്റംബർ 4നായിരുന്നു ഇരുവരും വിവാഹിതരായത്. രാവിലെ 11 മണിക്ക് തിരുവനന്തപുരം എകെജി ഹാളില്‍ നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
ചുവന്ന രക്തഹാരം പരസ്‌പരം അണിയിച്ചാണ് ആര്യയും സച്ചിനും വിവാഹിതരായത്. വിവാഹ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം പങ്കെടുത്തിരുന്നു. സിപിഎം തിരുവനന്തപുരം ജില്ല കമ്മറ്റിയുടെ പേരിലാണ് ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് പുറത്തിറക്കിയത്.
വിവാഹ ക്ഷണക്കത്തും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിവാഹാഭരണങ്ങൾ ഒഴിവാക്കിയ മേയറുടെ വേഷവിധാനങ്ങളും അന്ന് ശ്രദ്ധനേടുകയുണ്ടായി. കത്തിൽ രക്ഷകർത്താക്കളുടെയും വീടിന്‍റെയും വിവരത്തിന് പകരം സച്ചിന്‍റെയും ആര്യയുടെയും പാർട്ടിയിലെ ഭാരവാഹിത്വം പറഞ്ഞാണ് പരിചയപ്പെടുത്തിയത്.
ബാലസംഘം, എസ്എഫ്ഐ പ്രവർത്തന കാലയളവിലാണ് ഇരുവരും പരിചയപ്പെടുന്നത്. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ പാർട്ടിയും കുടുംബവും കൂടെ നിന്നു. പിന്നീട് ഇരുവരുടെയും വീട്ടുകാരും പാർട്ടി നേതാക്കളും ചേര്‍ന്ന് വിവാഹം നിശ്ചയിക്കുകയായിരുന്നു.
ഏറെ നാളത്തെ സൗഹൃദത്തിന് ശേഷമാണ് വിവാഹം ചെയ്യാമെന്ന തീരുമാനത്തിൽ എത്തുന്നതെന്ന് ആര്യ രാജേന്ദ്രന്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരേ ആശയത്തിൽ വിശ്വസിക്കുന്നവരായതിനാൽ തന്നെ പരസ്‌പരം മനസിലാക്കാന്‍ സഹായിച്ചെന്ന് ആര്യ പറഞ്ഞു.
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയും ജില്ല കമ്മിറ്റി അംഗവുമായ സച്ചിൻ ദേവ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് സിനിമ താരം ധർമജനെ പരാജയപ്പെടുത്തിയാണ് സഭയിലെത്തുന്നത്. സച്ചിന്‍ ഇംഗ്ലീഷ് സാഹിത്യത്തിലും നിയമത്തിലും ബിരുദം നേടിയിട്ടുണ്ട്.
21-ാം വയസിൽ തിരുവനന്തപുരം ഓൾ സെയിന്‍റ്സ് കോളജിൽ ബിഎസ്‌സി വിദ്യാർഥിയായിരിക്കെയാണ് ആര്യ മേയറാകുന്നത്. കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) അംഗമായ ആര്യ 2020ലെ തദ്ദേശ തെരഞ്ഞടുപ്പിൽ തന്‍റെ എതിർ സ്ഥാനാർഥിയായ യുഡിഎഫിന്‍റെ ശ്രീകലയെ 2,872 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി ആണ് മേയറായത്.