തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യ ദുരന്ത കേസിലെ പ്രതിയായ മണിച്ചനും മണിച്ചന്‍റെ മാസപ്പടി ഡയറിയും വീണ്ടും നിയമസഭയിൽ ചർച്ചയായി. കരുനാഗപ്പള്ളിയിൽ നിരോധിച്ച പുകയില പിടിച്ചെടുത്ത സംഭവത്തിലെ പ്രതികളുടെ സിപിഎം ബന്ധം സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയ്‌ക്കിടെയാണ് മണിച്ചനെക്കുറിച്ച് സംസാരിച്ചത്.
പ്രതിപക്ഷത്തു നിന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ മാത്യു കുഴൽനാടനാണ് മണിച്ചൻ കേസിൽ സുപ്രീംകോടതി പരാമർശം സഭയിൽ ഉന്നയിച്ചത്. അന്ന് സിപിഎം ജില്ല സെക്രട്ടറിയായിരുന്ന സത്യനേശനും മണിച്ചനുമായുള്ള ബന്ധമാണ് സുപ്രീംകോടതി വ്യക്തമാക്കിയതെന്നും സിപിഎമ്മിന്‍റെ രീതി അന്നും എന്നും ഒരുപോലെയാണെന്നും മാത്യൂ കുഴൽ നാടൻ പറഞ്ഞു.
തുടർന്ന് സംസാരിച്ച എക്സൈസ് മന്ത്രി എം ബി രാജേഷ്, മാത്യു കുഴൽനാടന്‍റെ ആരോപണങ്ങൾക്ക് മറുപടി നൽകി. മണിച്ചൻ തഴച്ചുവളർന്നത് യുഡിഎഫ് ഭരണകാലത്താണ്. അറസ്റ്റ് ചെയ്‌ത് അഴിക്കുള്ളിലാക്കിയത് എൽഡിഎഫാണ്. മാത്യു കുഴൽനാടൻ മലർന്നു കിടന്ന് തുപ്പരുതെന്നും എം ബി രാജേഷ് പറഞ്ഞു.
2000 ഒക്ടോബർ 21നാണ് 33 പേർ മരിച്ച കല്ലുവാതുക്കൽ മദ്യ ദുരന്തമുണ്ടായത്. മണിച്ചൻ എന്ന ചന്ദ്രനായിരുന്നു കേസിലെ ഒന്നാംപ്രതി. മണിച്ചന്‍റെ മാസപ്പടി ഡയറി അന്ന് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. പ്രമുഖ സിപിഎം നേതാക്കളുടെയടക്കം പേര് ഡയറിയിൽ ഉൾപ്പെട്ടിരുന്നു. 21 വർഷത്തെ ജയിൽ വാസത്തിനു ശേഷം 2022 ഒക്ടോബർ 21ന് മണിച്ചൻ ജയിൽ മോചിതനായി.