തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമാസക്തമായി. മണിക്കൂറുകളോളം നഗരത്തില്‍ പൊലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. പൊലീസ് ലാത്തി ചാര്‍ജിലും കണ്ണീര്‍ വാതക പ്രയോഗത്തിലും നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
സമരത്തോട് സര്‍ക്കാരിന് ഇത്രയും അസഹിഷ്‌ണുതയാണെങ്കില്‍ മുഖ്യമന്ത്രി രാജി വയ്‌ക്കും വരെ സമരം തുടരുക തന്നെ ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞു. ഇന്ന് (ജൂൺ 18) ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌തു.
അദ്ദേഹം മടങ്ങിയതിന് പിന്നാലെ സെക്രട്ടേറിയറ്റ് കവാടത്തിന് മുന്നിലേക്ക് ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്ഥാപിച്ച ബാരിക്കേഡ് തള്ളി മാറ്റാന്‍ ശ്രമിക്കുകയും ബാരിക്കേഡിനു മുകളില്‍ കയറി മുദ്രാവാക്യം മുഴക്കുകയും ചെയ്‌തു. തുടര്‍ന്ന് പ്രവര്‍ത്തകരെ പൊലീസ് തുരത്തിയോടിക്കാന്‍ ജലപീരങ്കി പ്രയോഗിക്കുകയും പിന്നാലെ കണ്ണീര്‍ വാതക ഷെല്‍ ഉപയോഗിക്കുകയും ചെയ്‌തു.
ALSO READ: തിരുവനന്തപുരത്തെ അഗ്നിപഥ് പ്രതിഷേധത്തില്‍ 500ഓളം ഉദ്യോഗാര്‍ഥികള്‍
50 ലേറെ തവണ പൊലീസ് കണ്ണീര്‍ വാതക ഷെല്‍ പ്രയോഗിച്ചു. തുടര്‍ച്ചയായ കണ്ണീര്‍ ഷെല്‍ പ്രയോഗത്തിന്‍റെ ഉഗ്ര ശബ്‌ദത്തില്‍ നഗരം കിടുങ്ങുകയും പരിസരമാകെ കണ്ണീര്‍ വാതക ഷെല്‍ പുകയില്‍ അമരുകയും ചെയ്‌തു. നാല് ഭാഗത്തേക്കും ചിതറി ഓടിയ പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലേറ് നടത്തി. തുടര്‍ന്ന് പൊലീസ് ലാത്തി ചാര്‍ജ് ആരംഭിച്ചു.
ലാത്തി ചാര്‍ജിലും കണ്ണീര്‍ വാതക പ്രയോഗത്തിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. മണിക്കൂറുകളോളം പൊലീസും പ്രവര്‍ത്തകരും നഗരഹൃദയത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയതോടെ നഗരം അക്ഷരാര്‍ഥത്തില്‍ സ്‌തംഭിച്ചു. പിന്നീട് എം. വിന്‍സെന്‍റ് എം.എല്‍.എ സ്ഥലത്ത് എത്തി പൊലീസുമായും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമായും സംസാരിച്ചാണ് രംഗം ശാന്തമാക്കിയത്.