തിരുവനന്തപുരം: സംസ്ഥാനം പ്ലാസ്റ്റിക് നിരോധനത്തിനൊരുങ്ങുമ്പോൾ അതിനെ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ് വ്യാപാരികൾ. നിരോധനം ഏറെ ബാധിക്കുന്ന ഹോട്ടൽ മേഖലയിലും പകരം ഉപയോഗിക്കാവുന്ന ജൈവ ഉല്‍പന്നങ്ങള്‍ എത്തിത്തുടങ്ങി.
പരിസ്ഥിതി മലിനീകരണം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്ത് പുതുവർഷത്തിൽ പ്ലാസ്റ്റിക് നിരോധിക്കുന്നത്. നിരോധനത്തിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും കുറഞ്ഞ നിരക്കിൽ പകരം സംവിധാനമൊരുക്കാൻ സർക്കാർ തയ്യാറാകണമെന്നുമാണ് വ്യാപാരികൾ പറയുന്നത്. സാധനം വാങ്ങുമ്പോൾ സൗജന്യമായി പ്ലാസ്റ്റിക് കവർ ഇനി കിട്ടില്ല. പത്തു രൂപ മുതൽ വിലയുള്ള തുണി സഞ്ചികൾ വിപണിയിൽ എത്തിത്തുടങ്ങി.
പാഴ്സൽ കൗണ്ടറുകളുള്ള ഹോട്ടലുകൾ നിലവിൽ കറികൾ പൊതിഞ്ഞു നൽകുന്നത് പ്ലാസ്റ്റിക് കവറുകളിലാണ്. ഇതിനും പകരം സംവിധാനമൊരുങ്ങുന്നുണ്ട്. നിരോധനം എത്ര കാലം നിലനിൽക്കുമെന്ന സംശയവും വ്യാപാരികൾ പ്രകടിപ്പിക്കുന്നുണ്ട്. മുമ്പ് പലതവണ നിരോധിച്ച പ്ലാസ്റ്റിക് പൂർവാധികം ശക്തിയോടെ തിരിച്ചു വന്നത് ഓർമിപ്പിക്കുകയാണിവർ.