തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ സ്വര്‍ണക്കടത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞ് മാറാനാകില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. അറസ്റ്റിലായത് ശിവശങ്കറാണെങ്കിലും മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്ത പ്രതീതിയാണ് ജനങ്ങള്‍ക്കെന്ന് ഹസൻ പറഞ്ഞു.
നിയമത്തിന്‍റെ കരങ്ങള്‍ മുഖ്യമന്ത്രിയെ വരിഞ്ഞ് മുറുക്കാന്‍ ഇനി എത്ര സമയം വേണമെന്നറിയില്ല. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കറിനെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും ഹസൻ പറഞ്ഞു.
രാജി വച്ചൊഴിയുക മാത്രമാണ് മുഖ്യമന്ത്രിക്ക് മുന്നിലുള്ള പോം വഴിയെന്നും സിപിഎമ്മിന്‍റെ കുടികിടപ്പുകാരനായി മാറിയ കാനം രാജേന്ദ്രന്‍റെ അഭിപ്രായം ചിരിപ്പിക്കുന്നതാണെന്നും ഹസൻ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ രാജിക്കായി യുഡിഎഫ് പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും കേരളപ്പിറവി ദിനമായ നവംബര്‍ അഞ്ചിന് യുഡിഎഫ് സംസ്ഥാന വ്യാപകമായി വഞ്ചനാ ദിനം ആചരിക്കുമെന്നും ഹസൻ പറഞ്ഞു. പ്രക്ഷോഭത്തിൽ രണ്ട് ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നും വാര്‍ഡ് തലത്തില്‍ പത്ത് പ്രവര്‍ത്തകര്‍ വീതം സംബന്ധിക്കുമെന്നും ഹസന്‍ അറിയിച്ചു.