തിരുവനന്തപുരം: 53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച സംഗീത സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്, ജീവിതത്തിലെ രണ്ടുവർഷം മാറ്റിവച്ചതിന്‍റെ അംഗീകാരമെന്ന് എം ജയചന്ദ്രൻ. ഇടിവി ഭാരത് പ്രതിനിധിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ എന്നീ സിനിമകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പാട്ടുകളാണ് എം ജയചന്ദ്രനെ അവാർഡിന് അർഹനാക്കിയത്. പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലെ 'മയിൽപ്പീലി ഇളകുന്നു കണ്ണാ...', 'കറുമ്പനിന്നിങ്ങ്...', ആയിഷ എന്ന സിനിമയിലെ 'ആയിഷ...ആയിഷ...' എന്നീ പാട്ടുകള്‍ക്കാണ് അവാർഡ്.
'മയിൽപ്പീലി ഇളകുന്നു കണ്ണാ...' എന്ന പാട്ടിലൂടെ മികച്ച പിന്നണി ഗായികയായി മൃദുല വാര്യറും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗാനമാലപിക്കാൻ ആദ്യം മൃദുല വിസമ്മതിച്ചിരുന്നു എന്നും എന്നാൽ പൂർണ വിശ്വാസത്തോടെ മൃദുലയെ വീണ്ടും ഏൽപ്പിക്കുകയും പ്രതീക്ഷിച്ച നേട്ടം കൈവരിക്കുകയും ചെയ്‌തുവെന്നും അദ്ദേഹം പറഞ്ഞു. 53ാമത് സംസ്ഥാന ചലച്ചിത്ര അവാർഡിലൂടെ തന്‍റെ ജീവിതത്തിലെ പത്താമത്തെ സംസ്ഥാന അവാർഡാണ് എം ജയചന്ദ്രൻ നേടുന്നത്. അംഗീകാരം ദൈവത്തിനും തന്‍റെ പ്രേക്ഷകർക്കും സമർപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
സംഗീതവാദ്യങ്ങളുടെ നിയന്ത്രിതവും താളാത്മകവുമായ പ്രയോഗത്തിലൂടെ നാടൻ ശീലുകളും ഭക്തിരസവും പ്രണയഭാവങ്ങളും കലർന്ന ഗാനങ്ങൾ 'പത്തൊമ്പതാം നൂറ്റാണ്ട് ' എന്ന സിനിമക്കും അറേബ്യൻ സംഗീതത്തിന്‍റെ സ്‌പർശമുള്ള ഗാനങ്ങൾ 'ആയിഷ' എന്ന ചിത്രത്തിലും തികച്ചും വൈവിധ്യമാർന്ന രീതിയിൽ എം ജയചന്ദ്രൻ ഒരുക്കിയെന്ന് അവാർഡ് പ്രഖ്യാപന വേളയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും അഭിനന്ദിച്ചു.
അതേസമയം സംസ്ഥാന സർക്കാർ പുരസ്‌കാരം എം ജയചന്ദ്രന് സമർപ്പിക്കുന്നതായാണ് മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ട മൃദുല വാര്യർ ഇടിവി ഭാരതിനോട് പറഞ്ഞത്. എം ജയചന്ദ്രന്‍റെ സംഗീത സംവിധാനത്തിലുള്ള ഗാനത്തിനാണ് മൃദുലയ്‌ക്ക് പുരസ്‌കാരം. റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ ജീവിതം മാറി മറിഞ്ഞതായും മലയാളികൾ അറിയപ്പെടുന്ന ഗായികയാകാൻ സാധിച്ചതിൽ ദൈവത്തിനും ശ്രോതാക്കൾക്കും നന്ദി പറയുന്നതായും മൃദുല പറഞ്ഞു.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ 53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്‌ത 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയിലെ അഭിനയ മികവിന് മമ്മൂട്ടി മികച്ച നടനായും 'രേഖ' എന്ന ചിത്രത്തിലെ പ്രകടനത്തിന് വിന്‍സി അലോഷ്യസ് മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. 'നന്‍പകല്‍ നേരത്ത് മയക്കം' മികച്ച ചിത്രത്തിന് മഹേഷ് നാരായണന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും നേടി.