തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ വര്‍ഷം രൂപപ്പെടുന്ന മൂന്നാമത്തെ ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമർദമാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
വടക്ക്-പടിഞ്ഞാറ് ദിശയിലാണ് ന്യൂനമർദം നിലവില്‍ സഞ്ചരിക്കുന്നത്. ഈ അതിന്യൂനമര്‍ദം ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. മെയ് 13ഓടെയാകും ചുഴലിക്കാറ്റായി രൂപപ്പെട്ട് കര തൊടുക.
ആന്ധ്ര, ഒഡിഷ തീരത്താകും കര തൊടുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിലവിലെ വിലയിരുത്തല്‍. നേരിയ മാറ്റം സംഭവിച്ചാല്‍ പശ്ചിമ ബംഗാള്‍ തീരത്തോ, ബംഗ്ലാദേശ് തീരത്തോ ആയായിരുക്കും കര തൊടുക. ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ശ്രീലങ്ക നിര്‍ദേശിച്ച അസാനി എന്ന പേരിലായിരിക്കും അറിയപ്പെടുക.
അതേസമയം ഈ ചുഴലിക്കാറ്റും ന്യൂനമര്‍ദവും കേരളത്തെ നേരിട്ട് ബാധിക്കില്ല. എന്നാല്‍ ഇതിന്‍റെ പ്രഭാവത്തില്‍ കേരളത്തിലും തെക്കന്‍ തമിഴ്‌നാട്ടിലും ശക്തമായ മഴക്കും കാറ്റിനും സാധ്യതയുണ്ട്. അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. നിലവില്‍ സംസ്ഥാനത്ത് വേനല്‍ മഴ ശക്തമായി ലഭിക്കുന്നുണ്ട്.