തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അനുവദിക്കുന്നതില്‍ സ്വജന പക്ഷപാതം കാട്ടിയെന്ന കേസ് വിധി പറയാതെ ഫുള്‍ ബെഞ്ചിന് കൈമാറിയ ലോകായുക്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫിനും താത്കാലിക ആശ്വാസമാണെങ്കിലും പ്രതിപക്ഷം പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുകയാണ്. കെ.ടി ജലീലിനെ ഉപയോഗിച്ച് ലോകായുക്തയെ ഭയപ്പെടുത്തി നേടിയ വിചിത്ര വിധിയെന്ന രൂക്ഷ വിമര്‍ശനമുയര്‍ത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തന്നെയാണ് ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.
ഈ കേസിന്‍റെ വിചാരണ ഘട്ടത്തിന്‍റെ തുടക്കത്തില്‍ കേസ് നിലനില്‍ക്കുമോ എന്നതു സംബന്ധിച്ച പ്രാഥമിക വാദം 2022 ഫെബ്രുവരി അഞ്ച് മുതല്‍ മാര്‍ച്ച് 18 വരെ നടക്കുകയും ലോകായുക്തയും രണ്ട് ഉപലോകായുക്തയുമടങ്ങിയ ഫുള്‍ ബഞ്ച് ഈ കേസ് നിലനില്‍ക്കുമെന്ന് കണ്ടെത്തിയ ശേഷമാണ് ഈ കേസിന്‍മേല്‍ യഥാര്‍ത്ഥ വാദപ്രതിവാദം തുടങ്ങുന്നത്. അപ്പോള്‍ ഒരിക്കല്‍ ലോകായുക്ത ഫുള്‍ബെഞ്ച് നിലനില്‍ക്കും എന്നു കണ്ടെത്തിയ ഒരു കേസ് വീണ്ടും നിലനില്‍ക്കുമോ എന്നു പരിശോധിക്കാന്‍ അതേ ഫുള്‍ ബെഞ്ചിനു കൈമാറുന്ന വിചിത്ര വിധിയെന്നാണ് ലോകായുക്തയ്‌ക്കെതിരെ സതീശന്‍ തൊടുക്കുന്ന ചോദ്യം.
സതീശന്‍ ഉന്നയിക്കുന്ന മറ്റൊരു ചോദ്യം, വിചാരണ പൂര്‍ത്തിയാക്കിയ ശേഷം വിധി സംബന്ധിച്ച് ലോകായുക്തയ്‌ക്കും ഉപലോകായുക്തയ്ക്കും ഭിന്നാഭിപ്രായമുണ്ടായിരുന്നെങ്കില്‍ എന്തു കൊണ്ട് വിധി പ്രസ്‌താവം ഹൈക്കോടതി ഇടപെടുന്നതുവരെ ഒരു വര്‍ഷം വൈകിപ്പിച്ചു എന്നതാണ്. അതായത് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഈ കേസില്‍ ഒരു കാലത്തും വിധി പ്രസ്‌താവം ഉണ്ടാകുമായിരുന്നില്ലെന്ന ആക്ഷേപവും സതീശന്‍ മുന്നോട്ടു വയ്ക്കുന്നു.
നടപടി തീരുമാനിക്കുന്നത് സഭ: വാദപ്രദിവാദം കഴിഞ്ഞ ശേഷം, വിധി പറയുന്ന ഇന്നുവരെയുള്ള ഇടവേളയിലാണ് ആദ്യം ലോകായുക്തയുടെ പല്ലും നഖവും പറിച്ചു കൊണ്ടുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഇറക്കുകയും ഓര്‍ഡിനന്‍സിന്‍റെ കാലാവധി കഴിഞ്ഞ മുറയ്ക്ക് ലോകായുക്തയുടെ എല്ലാ അധികാരങ്ങളും കവര്‍ന്നെടുത്തു കൊണ്ടുള്ള ബില്ല് നിയമസഭ പാസാക്കുകയും ചെയ്‌തത്. ഈ ബില്ല് പാസാക്കാനിടയായ സാഹചര്യവും ഈ കേസാണെന്ന ഗുരുതര ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നു. 2022 ആഗസ്‌റ്റ് 30ന് നിയമസഭ പാസാക്കിയ ലോകായുക്ത നിയമ ഭേദഗതി നിയമപ്രകാരം മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ വിധിയുണ്ടായാല്‍ അതിന്‍മേല്‍ എന്തു നടപടി വേണം എന്നു തീരുമാനിക്കുന്നത് നിയമസഭയാണ്.
അതായത് നിയമസഭയില്‍ ഭരണ പക്ഷത്തിനുള്ള ഭൂരിപക്ഷം ഉപയോഗിച്ച് ലോകായുക്ത വിധിയില്‍ നിന്ന് മുഖ്യമന്ത്രിക്ക് നിഷ്പ്രയാസം രക്ഷപ്പെടാം. ചുരുക്കി പറഞ്ഞാല്‍ ബില്ല് നിയമമായാല്‍ ഒരു കാലത്തും ഒരു മുഖ്യമന്ത്രിയും അഴിമതിക്കേസില്‍ ശിക്ഷിക്കുമെന്ന ഭയം വേണ്ട. ഇനി മന്ത്രിമാര്‍ക്കെതിരാണ് ലോകായുക്ത വിധിയെങ്കില്‍ തീരുമാനം മുഖ്യമന്ത്രിക്കെടുക്കാം.
വിധി എംഎല്‍എമാര്‍ക്കെതിരെങ്കില്‍ തീരുമാനം സ്‌പീക്കറുടേത്: ഒരിക്കലും തന്‍റെ മന്ത്രിസഭയിലെ ഒരംഗം അഴിമതിക്കേസില്‍ പുറത്തു പോകണമെന്ന് സാധാരണ ഗതിയില്‍ ഒരു മുഖ്യമന്ത്രിയും ആഗ്രഹിക്കില്ല. എംഎല്‍എമാര്‍ക്കെതിരാണ് വിധിയെങ്കില്‍ എന്തു നടപടി വേണം എന്നു സ്‌പീക്കര്‍ക്കു തീരുമാനിക്കാം. ലോകായുക്ത വിധിയിന്‍മേല്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്ന വ്യവസ്ഥയും ബില്ലില്‍ കൊണ്ടു വന്നിട്ടുള്ളതിനാല്‍ ആ നിലയിലുള്ള ഭീഷണിയുമില്ല.
എന്നാല്‍, നിയമസഭ പാസാക്കിയ ബില്ല് ഗവര്‍ണര്‍ ഇതുവരെ ഒപ്പിടാത്തതിനാല്‍ നിയമമായിട്ടില്ല എന്നതാണ് ലോകായുക്ത വിധിയെ ഇപ്പോള്‍ പ്രസക്തമാക്കുന്നത്. 1999ലെ നായനാര്‍ സര്‍ക്കാര്‍ പാസാക്കിയ മൂല നിയമം ഇപ്പോഴും അതേ പടി നിലനില്‍ക്കുന്നതാണ് ലോകായുക്ത തീരുമാനം ഡെമോക്ലീസിന്‍റെ വാളായി സര്‍ക്കാരിന്‍റെ തലയ്ക്കു മുകളില്‍ തൂങ്ങുന്നത്. അതിനും സതീശന്‍ കൃത്യമായി മറുപടി നല്‍കുന്നുണ്ട്.
ദുരിതാശ്വാസ ഫണ്ടിലെ തിരിച്ചടി: മുഖ്യമന്ത്രി സ്ഥാനത്തു പിണറായി വിജയന്‍ തുടരുന്നതു വരെ ലോകായുക്തയെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും കേസ് നീട്ടിക്കൊണ്ടു പോകാം. അല്ലെങ്കില്‍ ഗവര്‍ണറുമായി ഒത്തു തീര്‍പ്പിലായി നിയമസഭ പാസാക്കിയ ബില്ലില്‍ ഒപ്പിട്ടു വാങ്ങാെമെന്നും സതീശന്‍ പറയുന്നു. പ്രതിപക്ഷ നേതാവിന്‍റെ ഈ ആരോപണങ്ങള്‍ അഴിമതിക്കെതിരെ പടവെട്ടുന്നതായി അവകാശപ്പെടുന്ന ഇടതു മുന്നണിയുടെ ഒരു മുഖ്യമന്ത്രിക്കെതിരെ എന്നതാണ് അവരെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്.
അഴിമതിക്കെതിരെ പൊതു ജനങ്ങളുടെ പ്രതീക്ഷയായ ലോകായുക്തയെ അസ്ഥിരപ്പെടുത്തുകയും അതിന്‍റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള നിയമഭേദഗതി തിരക്കിട്ട് നിയമസഭയില്‍ അവതരിപ്പിച്ചു പാസാക്കുകയും ചെയ്‌തത് ദുരിതാശ്വാസ ഫണ്ടിലെ തിരിച്ചടി ഭയന്നായിരുന്നു എന്ന ഗുരുതര ആരോപണം മുഖ്യമന്ത്രിയെ മാത്രമല്ല, അഴിമതിക്കെതിരെ വിട്ടുവീഴ്‌ചയില്ലാതെ പോരാടുന്ന എല്‍ഡിഎഫിന്‍റെ വിശ്വാസതയ്ക്കു നേരെയുള്ള ചോദ്യ ചിഹ്നം കൂടിയാകുകയാണ്.