തിരുവനന്തപുരം: ലോകായുക്തയിലെ നിയമഭേദഗതി സംബന്ധിച്ച ഓര്‍ഡിന്‍സ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തു. ഇന്ന് ചേര്‍ന്ന സെക്രട്ടേറിയറ്റില്‍ നിയമമന്ത്രി പി. രാജീവ് നിയമഭേദഗതി വിശദീകരിച്ചു. ലോകായുക്ത വിധികള്‍ ഉപദേശസ്വഭാവമുള്ളതിനാലാണ് ഭേദഗതിയെന്നാണ് നിയമമന്ത്രി നല്‍കിയ വിശദീകരണം. വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് മന്ത്രിസഭ ഇത്തരമൊരു തീരുമാനമെടുത്തതെന്നും നിയമമന്ത്രി സെക്രട്ടേറിയറ്റിനെ അറിയിച്ചു.
ഇക്കാര്യത്തില്‍ സി.പി.എമ്മിനുള്ളില്‍ നേരത്തെ തന്നെ ചര്‍ച്ച നടന്നിരുന്നു. അതുകൊണ്ട് തന്നെ നടപടി ക്രമങ്ങളുടെ നിലവിലെ സ്ഥിതി മാത്രമാണ് സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്തത്. ഭേദഗതി ഉയരുന്നത് സംബന്ധിച്ച് വിമര്‍ശനങ്ങള്‍ കണക്കിലെടുക്കാതെ മുന്നോട്ട് പോകാനാണ് നിലവിലെ തീരുമാനം.
READ MORE: ലോകായുക്തയെ പൂട്ടാന്‍ നിയമ ഭേദഗതിയുമായി സർക്കാർ; ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് മുന്നില്‍
ഓര്‍ഡിനന്‍സ് സംബന്ധിച്ച് മന്ത്രിസഭ യോഗത്തില്‍ ചര്‍ച്ച നടന്നതിനാല്‍ മുന്നണിയിലെ കക്ഷികള്‍ക്കെല്ലാം ഇക്കാര്യത്തില്‍ വ്യക്തതയുണ്ടെന്നാണ് സി.പി.എം നിലപാട്. അതുകൊണ്ട് തന്നെ എല്‍.ഡി.എഫ് ചേര്‍ന്ന് വിശദമായ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. ഇക്കാര്യത്തിലെ സി.പി.എമ്മിന്‍റെ ഔദ്യോഗിക നിലപാട് വൈകിട്ട് നാല് മണിക്ക് സംസ്ഥാന സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കും.