തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ പൊലീസ് പരിശോധന കർശനമാക്കും. അവശ്യ വിഭാഗങ്ങളിൽപ്പെട്ടവർക്കും അടിയന്തര യാത്രയ്ക്ക് പോകുന്നവരെയും മാത്രമെ അനുവദിക്കൂ. വീട്ടുജോലിക്കാർ, ദിവസവേതനക്കാരായ തൊഴിലാളികൾ, ഹോം നേഴ്സ് എന്നിവർക്ക് പൊലീസിൻ്റെ പാസ് കൊണ്ടു മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ. അതിനിടെ 1,75125 പേരാണ് പാസിന് വേണ്ടി ഇന്നലെ രാത്രി വരെ ഓൺലൈനായി അപേക്ഷിച്ചത്. ഇതിൽ 15,761 പേർക്ക് പാസ് അനുവദിച്ചു.
81,797 അപേക്ഷകൾ തള്ളി. ബാക്കിയുള്ളവ പരിഗണനയിലാണ്. വളരെ അത്യാവശ്യ ഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിന് മാത്രമേ ഇ-പാസിന് അപേക്ഷിക്കാവൂവെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ അറിയിച്ചു. മരുന്ന് ,ഭക്ഷ്യവസ്തുക്കൾ വാങ്ങൽ മുതലായ വളരെ അത്യാവശ്യ കാര്യങ്ങൾക്ക് സത്യവാങ്മൂലം മതിയാകും. എന്നാൽ ഈ സൗകര്യം ദുരുപയോഗം ചെയ്താൽ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.