തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങൾ സജ്ജമെന്ന് മന്ത്രി എ.സി മൊയ്തീന്‍. പഞ്ചായത്ത് തലത്തില്‍ നിരീക്ഷണ സമിതികള്‍ രൂപീകരിക്കും. വാര്‍ഡ് തലത്തില്‍ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ കൂടുതല്‍ സന്നദ്ധ സേനാംഗങ്ങളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി നിരീക്ഷണ സമിതികള്‍ വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ സൗകര്യമൊരുക്കും. അഞ്ച് ലക്ഷത്തോളം പ്രവാസികളാണ് നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മടങ്ങിയെത്തുന്നവര്‍ക്കുള്ള മുന്‍ഗണന മാനദണ്ഡം നേരത്തെ തീരുമാനിച്ചിട്ടുണ്ട്. മടങ്ങിയെത്തുന്നവരെ വിമാനത്താവളങ്ങളില്‍ തന്നെ പരിശോധന നടത്തുമെന്നും രോഗലക്ഷണങ്ങളില്ലെങ്കില്‍ വീടുകളില്‍ ക്വാറൻ്റെയ്ന്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശത്തുനിന്ന് ജോലി നഷ്ടപ്പെട്ട് മടങ്ങിയെത്തുന്നവരുടെ കാര്യം സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും പുനരധിവസിപ്പിക്കാന്‍ പ്രത്യേക പദ്ധതി വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.