തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 2015ല്‍ എല്‍ഡിഎഫ് കരുത്തുകാട്ടിയ ജില്ലയാണ് തിരുവനന്തപുരം. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ യുഡിഎഫിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു എല്‍ഡിഎഫിന്‍റെ തേരോട്ടം. ആകെയുള്ള 73 ഗ്രാമപഞ്ചായത്തുകളില്‍ 50 ഗ്രാമപഞ്ചായത്തുകളുടെ ഭരണം എല്‍ഡിഎഫ് നേടി. യുഡിഎഫിന് 19 പഞ്ചായത്തുകളുടെ ഭരണം മാത്രമാണ് ലഭിച്ചത്. നാല് പഞ്ചായത്തുകളുടെ ഭരണം ബിജെപിക്കും ലഭിച്ചു. 11 ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒമ്പത് പഞ്ചായത്തുകളുടെ ഭരണം എല്‍ഡിഎഫിനു ലഭിച്ചപ്പോള്‍ വെറും രണ്ടു പഞ്ചായത്തുകള്‍ മാത്രമേ യുഡിഎഫിനു ലഭിച്ചിട്ടുള്ളൂ.
ജില്ലാ പഞ്ചായത്തുകളിലെ 26 ഡിവിഷനുകളില്‍ 19 എണ്ണം എല്‍ഡിഎഫ് നേടിയപ്പോള്‍ യുഡിഎഫിനു ആറ് ഡിവിഷനുകള്‍ മാത്രമാണ് നേടാനായത്. ആദ്യമായി വെങ്ങാനൂര്‍ ഡിവിഷന്‍ ബിജെപിയും നേടി. നിലവിലെ സ്ഥിതിയില്‍ നിന്ന് ഒട്ടും പിന്നോട്ടു പോകില്ലെന്ന കണക്കു കൂട്ടലിലാണ് എല്‍ഡിഎഫ്. എന്നാല്‍ ശക്തമായ ഭരണ വിരുദ്ധ വികാരം തങ്ങള്‍ക്കനുകൂലമാകുമെന്ന കണക്കു കൂട്ടലിലാണ് യുഡിഎഫും എന്‍ഡിഎയും.