തിരുവനന്തപുരം : ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്‍റെ വില വർദ്ധിപ്പിക്കേണ്ടിവരുമെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ നിയമസഭയിൽ . ധനാഭ്യർഥന ചർച്ചയ്‌ക്കിടെ രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മദ്യനിർമാണ കമ്പനികളെ സഹായിക്കാൻ വില വർദ്ധിപ്പിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെടുത്തിയായിരുന്നു ചെന്നിത്തലയുടെ ചോദ്യം.
ഈ പ്രസ്‌താവന നിഷേധിച്ച മന്ത്രി, അസംസ്‌കൃത വസ്‌തുവായ സ്‌പിരിറ്റിന്‍റെ വിലവർധനവാണ് മദ്യവില വർദ്ധിപ്പിക്കേണ്ട സാഹചര്യത്തിന് കാരണമെന്ന് വിശദമാക്കി. നിലവിൽ ബെവ്റേജസ് കോർപറേഷൻ നിർമിക്കുന്ന പ്രമുഖ ബ്രാൻഡുകളുടെ ഓരോ കുപ്പിയുടെയും ഉത്പാദനം മൂന്നുമുതൽ നാല് രൂപ വരെ നഷ്‌ടത്തിലാണ് നടക്കുന്നത്. മദ്യശാലകളുടെ എണ്ണം കണക്കാക്കി ഉപഭോഗം നിർണയിക്കുന്നത് ശരിയല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
യുഡിഎഫ് ഭരിച്ച 2011 മുതൽ 2016 വരെയുള്ള കാലത്ത് സംസ്ഥാനത്ത് 1149.11 ലക്ഷം കെയ്‌സ് മദ്യമാണ് ബെവ്കോ വിറ്റഴിച്ചത്. എന്നാൽ എൽഡിഎഫ് ഭരിച്ച 2016 - 2021 വരെയുള്ള കാലയളവിൽ, കൂടുതൽ കൗണ്ടറുകളിലൂടെ 1036.6 ലക്ഷം കെയ്‌സ് മദ്യം മാത്രമാണ് വിറ്റഴിക്കപ്പെട്ടത്. തിരക്ക് കുറയ്ക്കുന്നതിനായാണ് കൗണ്ടറുകളുടെ എണ്ണം കൂട്ടുന്നത്. തിരക്ക് കുറവുള്ള വോക്ക് ഇന്‍ പ്രീമിയം കൗണ്ടറുകൾ കൂടുതൽ ക്രമീകരിക്കുമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.