തിരുവനന്തപുരം: ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ട പൂര്‍ത്തീകരണത്തിൽ ഗൃഹ പ്രവേശന ചടങ്ങിനെത്തി മുഖ്യമന്ത്രി. രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയുള്ള ലൈഫ് പദ്ധതിയുടെ ആദ്യ ഉദ്ഘാടനത്തിന് മുന്നോടിയായി ഗുണഭോക്താവിന്‍റെ ഗൃഹ പ്രവേശന ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ട പൂര്‍ത്തീകരണത്തിലും ഗൃഹ പ്രവേശന ചടങ്ങിനെത്തി. വട്ടിയൂര്‍കാവ് നിയോജക മണ്ഡലത്തിലെ വാഴോട്ടുകോണം പാപ്പാട് സ്വദേശി പ്രഭയുടെ വീടിന്‍റെ ഗൃഹ പ്രവേശന ചടങ്ങുകൾക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 10 മണിയോടെ എത്തിയത്.
മന്ത്രിമാരായ എ.സി മൊയ്‌തീന്‍, കടകംപള്ളി സുരേന്ദ്രന്‍, വി.കെ പ്രശാന്ത് എംഎല്‍എ, മേയര്‍ ആര്യ രാജേന്ദ്രന്‍ എന്നിവരും പ്രാദേശിക സിപിഎം നേതാക്കളും പ്രവര്‍ത്തകരും ചടങ്ങിനെത്തി. ശശി-പ്രഭ ദമ്പതികള്‍ക്ക് ലൈഫ് പദ്ധതി പ്രകാരം വീടുവയ്ക്കുന്നതിന് നാല് ലക്ഷം രൂപയാണ് ലഭിച്ചത്. രണ്ട് ലക്ഷം വീടുകള്‍ ലൈഫ് പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയതിന്‍റെ പ്രഖ്യാപനം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ച ദിവസവും മുഖ്യമന്ത്രി ഗുണഭേക്താവിന്‍റെ ഗൃഹ പ്രവേശന ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ലൈഫ് പദ്ധതിയില്‍ പ്രതിപക്ഷം അഴിമതി ആരോപിച്ച് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുമ്പോഴാണ് ഗുണഭോക്താക്കളെ ഒപ്പം നിര്‍ത്തി ലൈഫ് പദ്ധതിയെ തെരഞ്ഞെടുപ്പ് ആയുധമാക്കി മുഖ്യമന്ത്രിയും തിരിച്ചടിക്കുന്നത്.