തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്‌ട്രീയ പ്രചരണത്തിനൊരുങ്ങി ഇടത് മുന്നണി. വിമര്‍ശിച്ചാല്‍ മന്ത്രിമാരെ പുറത്താക്കുമെന്ന ഗവര്‍ണറുടെ ഭീഷണി ഉയര്‍ത്തിക്കാട്ടിയാകും പ്രചരണം നടത്തുക. ഇന്ന്(ഒക്‌ടോബർ 21) ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
ഗവര്‍ണര്‍ രാഷ്ട്രീയ പ്രേരിതമായി പ്രവര്‍ത്തിക്കുന്നുവെന്ന് പൊതുസമൂഹത്തില്‍ പ്രചരണത്തിലൂടെ ഉയര്‍ത്തി കാട്ടും. എന്നാൽ സിപിഎമ്മിന്‍റെ നേതൃത്വത്തിലാകില്ല പ്രചരണം. ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ പ്രചരണം നടത്താനാണ് തീരുമാനം.
ഇതിനായി ഉടന്‍ മുന്നണി നേതൃയോഗം ചേരും. ഗവര്‍ണര്‍ ആര്‍എസ്‌എസ് അജണ്ട നടപ്പാക്കുന്നുവെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് പുറത്താക്കല്‍ ഭീഷണി ഗവര്‍ണര്‍ പുറപ്പെടുവിച്ചത്. ഗവര്‍ണര്‍ക്ക് വേണ്ടി പിആര്‍ഒയാണ് ഇത്തരത്തിലൊരു ഭീഷണി സന്ദേശം ട്വീറ്റ് ചെയ്‌തത്. ഇതിനു പിന്നാലെ തന്നെ ഗവര്‍ണര്‍ക്ക് ഇത്തരമൊരു അധികാരമില്ലെന്ന് ഇടത് നേതാക്കള്‍ പ്രതികരിച്ചിരുന്നു.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടയിലാണ് വിഷയത്തെ രാഷ്ട്രീയമായി നേരിടുക എന്ന തീരുമാനത്തിലേക്ക് സിപിഎം എത്തിയിരിക്കുന്നത്. കേരള സര്‍വകലാശാല വിസി നിയമനത്തില്‍ ഗവര്‍ണര്‍ തുറന്ന പോരാണ് പ്രഖ്യാപിച്ചിരിക്കുന്നത്.