തിരുവനന്തപുരം: സ്പ്രിംഗ്ലർ ഇടപാടിൽ സർക്കാർ മലക്കം മറിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . മുടന്തൻ ന്യായം പറഞ്ഞ് പിടിച്ച് നിൽക്കാൻ കഴിയാത്തതു കൊണ്ടാണ് നിലപാട് മാറ്റം. അവസാനം വരെ പിടിച്ച് നിൽക്കാൻ ശ്രമിക്കുന്ന കള്ളനെ പോലെയാണ് സർക്കാർ പെരുമാറിയത്. പ്രതിപക്ഷം വിഷയം ചൂണ്ടി കാട്ടിയിരുന്നില്ലെങ്കിൽ കമ്പനിയും നിക്ഷിപ്ത താൽപര്യക്കാരും കൊവിഡ് കാലം ചാകരയാക്കിയേനെ. മലയാളികളുടെ വിവരങ്ങൾ വിറ്റ് സ്വകാര്യ കമ്പനി കാശാക്കുമായിരുന്നു. എൽ.ഡി.എഫ് തെരഞ്ഞെടുപ്പിലും ഈ വിവരങ്ങൾ ഉപയോഗിക്കുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞു. കരാറിലെ എട്ട് പിഴവുകളാണ് സർക്കാർ തിരുത്തിയത്. ഇക്കാര്യം പറഞ്ഞപ്പോൾ പ്രതിപക്ഷ നേതാവിന് കട്ടി കൂടിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രതിപക്ഷം കാര്യങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അക്ഷേപിക്കുകയാണ്. ഇതാണ് കൊവിഡ് കാലത്ത് എല്ലാ ഏകാധിപതികളും ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.അസാധാരണ കാലത്തെ അസാധാരണ നപടിയെന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി അമേരിക്കൻ കമ്പനിയുടെ സേവനം കൊണ്ട് ജനങ്ങൾക്ക് എന്ത് പ്രയോജനമുണ്ടായെന്ന് വ്യക്തമാണം. കരാറിലെ അഴിമതി, ചട്ടലംഘനം, കച്ചവടം എന്നിവ സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.