തിരുവനന്തപുരം: കേരളം വീണ്ടും ചുവന്നു തുടുത്തു. 140 സീറ്റുകളിൽ 96 സീറ്റുകളിൽ ലീഡ് ഉയർത്തി എൽഡിഎഫ് ഭരണം ഉറപ്പിച്ചു. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഭൂരിപക്ഷം കൂട്ടി വിജയം ഉറപ്പിച്ചു. പാലക്കാട്, തൃശൂർ, നേമം മണ്ഡലങ്ങളിൽ എൻഡിഎ കടുത്ത മത്സരം കാഴ്‌ചവെച്ചെങ്കിലും പിന്നീട് പിന്നോട്ട് പോയി. സെലിബ്രിറ്റി സ്ഥാനാർഥികളായ ബാലുശ്ശേരിയിൽ നിന്ന് മത്സരിച്ച സുരേഷ് ഗോപി, മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച കെ സുരേന്ദ്രൻ, നേമത്തെ സ്ഥാനാർഥി കുമ്മനം രാജശേഖരൻ, പാലക്കാട് സ്ഥാനാർഥി ഇ ശ്രീധരൻ തുടങ്ങിയവർ ലീഡിൽ പിറകിലായി.
ഇരിക്കൂർ, പേരാവൂർ, സുൽത്താൻ ബത്തേരി, ചാലക്കുടി, നെയ്യാറ്റിൻക്കര, കൊട്ടാരക്കര മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് ചെയ്യുന്നു. പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻ ചാണ്ടി വിജയിച്ചു. എന്നാൽ ഇത്തവണ ലീഡ് നില വലിയ കുറവാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം എൽഡിഎഫ് 37 സീറ്റുകളിലും യുഡിഎഫ് എട്ട് മണ്ഡലങ്ങളിലും വിജയിച്ചു. കേരളം ഉറ്റുനോക്കിയ പാലാ മണ്ഡലത്തിൽ മാണി സി കാപ്പൻ വിജയിച്ചു. കടുത്ത മത്സരം നടക്കുന്ന പാലക്കാട് ശ്രീധരനെ പിന്തള്ളി ഷാഫി പറമ്പിൽ എംഎൽഎ ലീഡ് ഉയർത്തി. നിലമ്പൂരിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി.വി അൻവർ വിജയം ഉറപ്പിച്ചു. വടകര മണ്ഡലത്തിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച ആർഎംപി സ്ഥാനാർഥി കെ കെ രമ ലീഡ് ഉയർത്തി.
ത്രികോണ മത്സരം നടന്ന കഴക്കൂട്ടത്ത് ഇരുമുന്നണികളെയും പിന്നിലാക്കി എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ വിജയിച്ചു. പേരാമ്പ്രയിൽ ടി പി രാമകൃഷ്‌ണനും അമ്പലപ്പുഴയിൽ നിന്ന് എച്ച് സലാമും വിജയം ഉറപ്പിച്ചു. കൽപറ്റയിൽ നിന്ന് ടി സിദ്ദിഖ് വിജയിച്ചു. പൊന്നാനിയിൽ പി നന്ദകുമാറും തിരുവനന്തപുരത്ത് നിന്ന് ആന്‍റണി രാജുവും നിയമസഭയിലേക്കുള്ള സീറ്റ് ഉറപ്പിച്ചു. കോട്ടയം മണ്ഡലത്തിൽ നിന്ന് മത്സരിച്ച യുഡിഎഫ് സ്ഥാനാർഥി പി ജെ ജോസഫ് വിജയിച്ചു. തൃപ്പുണിത്തുറയിൽ യുഡിഎഫ് സ്ഥാനാർഥി കെ ബാബു ലീഡ് ഉയർത്തുകയാണ്. തൃത്താലയിൽ എം ബി രാജേഷ് വിജയിച്ചു.