തിരുവനന്തപുരം : മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട അവസാനഘട്ട ഉഭയകക്ഷി ചർച്ചകളിലേക്ക് കടന്ന് ഇടതുമുന്നണി. ചെറുകക്ഷികളിൽ ആർക്കൊക്കെ മന്ത്രിസ്ഥാനം ലഭിക്കുമെന്ന കാര്യത്തിൽ ഇന്ന് വ്യക്തത വരും. വകുപ്പുകൾ വച്ചുമാറുന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച.
read more: മന്ത്രിസഭാ രൂപീകരണം: ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയാക്കി എല്‍.ഡി.എഫ്
സിപിഎമ്മിന് 13ഉം സിപിഐക്ക് നാലും മന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം ആയിരുന്നു. ജനതാദൾ എസ്, എൻസിപി എന്നിവയ്ക്ക് ഓരോ മന്ത്രി സ്ഥാനവും നൽകാൻ ധാരണയായിട്ടുണ്ട്. കേരള കോൺഗ്രസ് എമ്മിന് ഒരു മന്ത്രി സ്ഥാനം ലഭിക്കാനാണ് സാധ്യത. ചീഫ് വിപ്പ് പദവിയും അവർ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ഐഎൻഎല്ലിന് ചീഫ് വിപ്പ് സ്ഥാനം നൽകുന്നതും സിപിഎം പരിഗണിക്കുന്നുണ്ട്.
അങ്ങനെയെങ്കിൽ സുപ്രധാന വകുപ്പ് തന്നെ വേണമെന്ന നിലപാടിലാണ് കേരള കോൺഗ്രസ്. ഈ സാഹചര്യത്തിൽ സിപിഐയുടെ പക്കലുള്ള പ്രധാനപ്പെട്ട വകുപ്പുകളിൽ ഏതെങ്കിലും ഒന്ന് വിട്ടുനൽകണമെന്ന കാര്യത്തിൽ സിപിഎം അവരുമായി ചർച്ച നടത്തും. ഐഎൻഎൽ, കേരള കോൺഗ്രസ് ബി, ജനാധിപത്യ കേരള കോൺഗ്രസ് എന്നിവരുടെ മന്ത്രിസ്ഥാനം സംബന്ധിച്ചും ഇന്ന് ധാരണയാകും. നാളെ ഇടതുമുന്നണി ചേരുന്നുണ്ട്. അതിനുമുന്‍പ് ചർച്ചകൾ പൂർത്തിയാക്കി അന്തിമ ധാരണയിൽ എത്താനാണ് ശ്രമം.