തിരുവനന്തപുരം: ഭൂമി തരം മാറ്റം ഫീസ് നിശ്ചയിക്കുന്നതിൽ സർക്കാരിന് തിരിച്ചടി. 25 സെന്‍റ് ഭൂമി വരെ തരം മാറ്റം സൗജന്യവും അധിക ഭൂമിക്ക് മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളൂവെന്നും ഹൈക്കോടതി അറിയിച്ചു. സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ സർക്കാരിന്‍റെ അപ്പീൽ തള്ളിക്കൊണ്ടാണ് ഡിവിഷൻ ബഞ്ചിന്‍റെ വിധി.
അധികമായി ഒന്നും വേണ്ട: 25 സെന്‍റ് ഭൂമി വരെ തരം മാറ്റം സൗജന്യവും അധിക ഭൂമിക്ക് മാത്രമേ ഫീസ് ഈടാക്കാൻ പാടുള്ളൂവെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് ശരിവച്ച് കൊണ്ടാണ് ഡിവിഷൻ ബഞ്ച് സർക്കാരിന്‍റെ അപ്പീൽ തള്ളിയത്. 25 സെന്‍റ് വരെ തരം മാറ്റം സൗജന്യമാക്കിക്കൊണ്ട് കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സർക്കാർ ഉത്തരവിറങ്ങിയത്.
എന്നാൽ, 25 സെന്‍റിൽ കൂടുതലുണ്ടെങ്കിൽ മുഴുവൻ ഭൂമിക്കും ഫീസ് ഈടാക്കാൻ തുടങ്ങിയതോടുകൂടി തൊടുപുഴ സ്വദേശി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടിയെടുക്കുകയുമായിരുന്നു. ഇതിനെതിരെയായിരുന്നു സർക്കാരിന്‍റെ അപ്പീൽ.
സര്‍ക്കാര്‍ വാദം ഇങ്ങനെ: സാധാരണ ആളുകളെ ഉദ്ദേശിച്ചാണ് 25 സെന്‍റ് വരെ ഫീസ് ഒഴിവാക്കിയതെന്നും കൂടുതൽ ഭൂമിയുള്ളവർക്ക് ഫീസ് നിർണയിച്ച് വ്യക്തത വരുത്തിയിട്ടുണ്ടെന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ സർക്കാർ വാദം തള്ളിയ ഡിവിഷൻ ബഞ്ച് എല്ലാ വിഭാഗക്കാർക്കും 25 സെന്‍റ് ഭൂമിക്ക് തരം മാറ്റം സൗജന്യവും, അധിക ഭൂമിക്ക് മാത്രമെ ഫീസ് ഈടാക്കാൻ പാടുള്ളൂവെന്നും ഉത്തരവിടുകയായിരുന്നു.
ഇതോടെ എല്ലാ ചെറുകിട - വൻകിട ഭൂവുടമകൾക്കും 25 സെന്‍റ് വരെ ഭൂമി തരം മാറ്റം സൗജന്യമായി നടത്താൻ കഴിയും. 25 സെന്‍റിൽ അധികമായി വരുന്ന ഭൂമിക്ക് മാത്രമേ തരം മാറ്റുന്നതിന് ഫീസ് ബാധകമാകുകയുള്ളൂ. ഇതോടെ സർക്കാരിന് കോടിക്കണക്കിന് രൂപയുടെ നഷ്‌ടമാണുണ്ടാവുക.
Also Read: ഭൂമി തരം മാറ്റം: അപേക്ഷകള്‍ ആറുമാസം കൊണ്ട് തീർപ്പാക്കുമെന്ന് മന്ത്രി കെ രാജൻ
ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് 2021 ജനുവരി വരെ ലഭിച്ച അപേക്ഷകളിൽ ആറുമാസം കൊണ്ട് തീർപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ കഴിഞ്ഞതവണ നിയമസഭയെ അറിയിച്ചിരുന്നു. ഇതിന് പ്രത്യേക കർമപദ്ധതി തയ്യാറാക്കുമെന്നും 1,12,000 അപേക്ഷകളാണ് ആറുമാസത്തിനുള്ളിൽ തീർപ്പാണ്ടാക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അയ്യായിരത്തിലധികം അപേക്ഷകളുള്ള ഒന്‍പത് ആർ.ഡി ഓഫിസുകളുണ്ടെന്നും ഇവിടങ്ങളിൽ ജൂനിയർ സൂപ്രണ്ട്, ക്ലര്‍ക്കുമാര്‍ എന്നിവർ ഉൾപ്പെടെ ആറുമാസത്തേക്ക് കൂടുതൽ പേരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
25 സെൻ്റ് വരെയുള്ള തരംമാറ്റത്തിന് നിയമസാധുത വന്നതോടെ അപേക്ഷകരുടെ എണ്ണം ഗണ്യമായി ഉയർന്നിട്ടുണ്ടെന്നും ഡാറ്റാബാങ്കിൽ ഉൾപ്പെടാത്തതും റവന്യൂ രേഖകളിൽ നിലമെന്ന് രേഖപ്പെടുത്തിയതുമായ ഭൂമി തരം മാറ്റാൻ വില്ലേജ് തലത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം സഭയില്‍ അറിയിച്ചിരുന്നു. ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് തരം മാറ്റലിന് മുൻഗണന നൽകുമെന്നും 2021 ഏപ്രിൽ മുതൽ ഇതുവരെ 4,0084 അപേക്ഷകൾ തീർപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.