തിരുവനന്തപുരം : ജല അതോറിറ്റി (Kerala Water Authority) സിവറേജ് വിഭാഗത്തില്‍ നിന്ന് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. സ്ഥലം മാറ്റിയ പലരെയും തിരികെ സിവറേജ് വിഭാഗത്തിലേക്ക് മാറ്റാന്‍ അതോറിറ്റി എംഡി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ ധാരണയായി (KWA to Withdraw Mass Transfer Order). കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ജൽജീവന്‍ മിഷനില്‍ ഉദ്യോഗസ്ഥര്‍ ആവശ്യത്തിനില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അടുത്തിടെ സിവറേജ് വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ അങ്ങോട്ടു സ്ഥലം മാറ്റിയത്.
വേണ്ടത്ര കൂടിയാലോചനകളോ പഠനമോ നടത്താതെ എടുത്തു ചാടി നടത്തിയ സ്ഥലം മാറ്റത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. വാട്ടര്‍ അതോറിറ്റിക്കു കീഴിലെ വാട്ടര്‍ സാനിറ്റൈസേഷന്‍ കണ്‍സള്‍ട്ടന്‍സി വിങ് (വാസകോണ്‍) വിഭാഗത്തിലെ ചീഫ് എന്‍ജിനീയര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയാണ് അടുത്തയിടെ ജലജീവന്‍ മിഷന്‍റെ പ്രോജക്‌ട് മെയിന്‍റനന്‍സ് വിഭാഗത്തിലേക്ക് മാറ്റിയത്.
ഇതോടെ സീവേജ് പദ്ധതികളുടെ നിരീക്ഷണം, രൂപകല്‍പന എന്നിവയുള്‍പ്പെടെ അവതാളത്തിലായി. കൂടാതെ സ്വച്‌ഛ് ഭാരത് മിഷനു കീഴില്‍ വാസകോണ്‍ നടപ്പിലാക്കുന്ന 16 പദ്ധതികളില്‍ മാറ്റം വരുത്തുന്നതും, അമൃത് 2.0 പദ്ധതിക്കു കീഴില്‍ നടപ്പിലാക്കുന്ന 797 കോടിയുടെ പദ്ധതിക്ക് ഡിപിആര്‍ തയ്യാറാക്കുന്നതും തടസപ്പെട്ടു. ഇതെല്ലാം കണക്കിലെടുത്താണ് ഉദ്യോഗസ്ഥരെ തിരികെ സിവേജ് വിഭാഗത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ആദ്യ പടിയായി 58 പേരെ മാറ്റി നിയമിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് സീവേജ് വിഭാഗം ചീഫ് എന്‍ജിനീയര്‍ എംഡിക്ക് കത്തുനല്‍കി.
നിലവില്‍ വാസകോണില്‍ ചീഫ് എഞ്ചിനീയറുടെ ഓഫിസില്‍ രണ്ട് അസിസ്‌റ്റന്‍റ് എഞ്ചിനീയര്‍ മാത്രമാണുള്ളത്. തിരുവനന്തപുരത്ത് സീവറേജ് സര്‍ക്കിളില്‍ ചുമതലയുള്ള സൂപ്രണ്ടിങ് എന്‍ജിനീയറുടെ തസ്‌തിക മൂന്ന് മാസമായി ഒഴിഞ്ഞു കിടക്കുകയാണ്. ഇതിനിടയിലാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.
ആവശ്യത്തിന് ഉദ്യോഗസ്ഥരുടെ അഭാവം വാസകോണില്‍ നിലനില്‍ക്കെയാണ് കൂട്ട സ്ഥലം മാറ്റം ഉണ്ടായത്. അതിനിടെ വാട്ടര്‍ അതോറിറ്റിയില്‍ പുതുതായി 76 എന്‍ജീനീയര്‍മാരെ കൂടി പിഎസ്‌സി വഴി നിയമിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും, ഇത് നടപ്പാകുന്നതോടെ അതോറിട്ടിയിലെ എന്‍ജീനീയര്‍മാരുടെ കുറവ് പരിഹരിക്കപ്പെടുമെന്നുമാണ് വാട്ടര്‍ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ അവകാശവാദം.