തിരുവനന്തപുരം: കെഎസ്ആര്‍ടിസി കസ്റ്റമര്‍ റിലേഷന്‍ മാനേജര്‍ക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍റെ പരാതി. തെറ്റായ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നല്‍കി മാധ്യമ പ്രവര്‍ത്തകരെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള പത്രപ്രവര്‍ത്തക യൂണിയൻ കെഎസ്ആര്‍ടിസി എംഡിക്ക് പരാതി നല്‍കിയത്. കസ്റ്റമര്‍ റിലേഷന്‍ മാനേജര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗതാഗതമന്ത്രിക്കും പരാതി നല്‍കാനാണ് തീരുമാനം.
പത്രപ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യയാത്ര നടത്തുന്നുവെന്നാണ് കസ്റ്റമര്‍ റിലേഷന്‍ മാനേജര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. അക്രഡിറ്റഡ് ജേണലിസ്റ്റുകള്‍ക്ക് മാത്രമാണ് നിലവില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രാപാസ് അനുവദിച്ചിട്ടുള്ളത്. ഇതിന് ഓരോ വര്‍ഷവും ചെലവാകുന്ന തുക പിആര്‍ഡി കെഎസ്ആര്‍ടിസിക്ക് നല്‍കുകയാണ് പതിവ്.
ഓരോ വര്‍ഷവും ജനുവരി മുതല്‍ ഡിസംബര്‍ വരെ പത്രപ്രവര്‍ത്തകര്‍ ആകെ നടത്തിയ യാത്രയുടെ കണക്കാണ് കെഎസ്ആര്‍ടിസി പിആര്‍ഡിക്ക് നല്‍കുന്നത്. ഇത് സാധാരണയായി 10 മുതല്‍ 12 ലക്ഷം രൂപ വരെ വരും. ഈ തുക പൂര്‍ണമായും പിആര്‍ഡിയാണ് നല്‍കുന്നത്. എന്നാല്‍ ചെറിയ തുക മാത്രമാണ് നല്‍കുന്നതെന്നും പ്രദേശിക ലേഖകരുള്‍പ്പടെ സൗജന്യയാത്ര നടത്തുകയാണെന്നും കസ്റ്റമര്‍ റിലേഷന്‍ മനേജര്‍ പറയുന്ന വോയ്‌സ് ക്ലിപ്പ് വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയാണ്. നിലവില്‍ കെഎസ്ആര്‍ടിസി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. കൂടാതെ കാഴ്ചശക്തിയില്ലാത്തവര്‍, സ്വാതന്ത്ര്യ സമരസേനാനികള്‍ തുടങ്ങിയവര്‍ക്ക് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലും സൗജന്യയാത്ര അനുവദിക്കുന്നുണ്ട്.