തിരുവനന്തപുരം: കുട്ടനാട് പാക്കേജിനെച്ചൊല്ലി തോമസ് കെ. തോമസും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിൽ വാക്പോര്. കുട്ടനാട്ടിലെ വെള്ളപ്പൊക്കവും ജനങ്ങളുടെ ദുരിതവും സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് പരിഗണിക്കുമ്പോഴാണ് ഇരുവരും തമ്മിൽ വാക്പോരുണ്ടായത്.
Also Read: സ്ത്രീധനം നൽകിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി
ഒന്നാം കുട്ടനാട് പാക്കേജിനെ പൊളിച്ചത് പിജെ ജോസഫും കൊടിക്കുന്നിൽ സുരേഷും തമ്മിലുള്ള തർക്കമാണെന്ന് തോമസ് കെ. തോമസ് ആരോപിച്ചു. തോമസ് ചാണ്ടി വിലകൊടുത്തുവാങ്ങിയ ഭൂമിയിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചത് ഇവർ തടഞ്ഞു. എന്നിട്ടാണ് ഇപ്പോൾ കുട്ടനാടിന് വേണ്ടി കണ്ണീർ പൊഴിക്കുന്നതെന്നും തോമസ് കെ.തോമസ് പറഞ്ഞു.
കുട്ടനാട് ജനങ്ങൾക്ക് പിണറായി സർക്കാർ ആവശ്യമായതെല്ലാം ചെയ്യുന്നുണ്ട്. തോട്ടപ്പള്ളി സ്പിൽവേ തുറക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞവരാണ് കോൺഗ്രസുകാരെന്നും തോമസ് കെ.തോമസ് ആരോപിച്ചു. രണ്ടു വർഷം കഴിഞ്ഞ് വീണ്ടും മന്ത്രിയാകാൻ തോമസ് കെ. തോമസ് മുഖ്യമന്ത്രിയെ സൂഖിപ്പിച്ചാൽ മതി എന്നായിരുന്നു പ്രതിപക്ഷനേതാവിന്‍റെ മറുപടി.
മന്ത്രിയാകാൻ കോൺഗ്രസിൻ്റെയും പ്രതിപക്ഷത്തിൻ്റെയും നെഞ്ചിൽ കയറേണ്ട. കുട്ടനാട് എംഎൽഎ അവിടത്തെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതോടെ ഭരണപക്ഷം ബഹളംവച്ചു. തുടർന്ന് ആക്ഷേപകരമായ എന്തെങ്കിലുമുണ്ടെങ്കിൽ പരിശോധിക്കാമെന്ന് സ്പീക്കർ അറിയിച്ചു.