തിരുവനന്തപുരം: അരങ്ങ് വിട്ടൊഴിയാനൊരുങ്ങി കുടുംബശ്രീയുടെ രംഗശ്രീയിലെ കലാകാരികള്‍. കുടുംബശ്രീ അംഗങ്ങളായ കലാകാരന്മാരുടെ കൂട്ടായ്‌മയില്‍ ട്രൂപ്പുകള്‍ രുപീകരിക്കാന്‍ 2015ല്‍ ആരംഭിച്ച രംഗശ്രീ പദ്ധതി ഏകദേശം പൂര്‍ണമായും നിലച്ച സാഹചര്യമാണ്. നാടകം, ഡാൻസ്, ഫ്ലാഷ് മോബ്, ഗാനമേള തുടങ്ങി നാനാവിധ കലാപരിപാടികളാണ് സംസ്ഥാനത്താകമാനം രംഗശ്രീ പദ്ധതിയിലൂടെ കുടുംബശ്രീ പ്രവർത്തകർ നടത്തിയത്.
2015ന് ശേഷം ആദ്യ രണ്ട് വര്‍ഷങ്ങളില്‍ സ്വന്തം നിലയില്‍ ബുക്കിങ് ലഭിക്കുന്ന തരത്തില്‍ മികച്ച പ്രകടനം കാഴ്‌ച വെച്ച ജില്ലകളിലെ ട്രൂപ്പുകള്‍ പോലും വര്‍ഷത്തില്‍ ഒറ്റ പരിപാടി പോലും ഏറ്റെടുക്കാത്ത സാഹചര്യമാണിപ്പോള്‍. 2022ല്‍ 47 പരിപാടികളായിരുന്നു സംസ്ഥാനമാകെ വിവിധ രംഗശ്രീ ട്രൂപ്പുകള്‍ നടത്തിയതെങ്കില്‍ 2023 ല്‍ 12 പരിപാടികള്‍ മാത്രമാണ് നടന്നത്.
ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ രംഗശ്രീ ട്രൂപ്പുകളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിലയ്ക്കുകയായിരുന്നു. കൊല്ലം ജില്ലയില്‍ മാത്രമാണ് നിലവില്‍ സജീവമായി രംഗശ്രീയുടെ പ്രവര്‍ത്തനം നടക്കുന്നത്. സര്‍ക്കാര്‍ പരിപാടികള്‍ക്ക് ബുക്കിങ് ലഭിച്ച് മാസങ്ങള്‍ക്ക് ശേഷം പണം ലഭിക്കാതെ വരുന്നതോടെ ട്രൂപ്പ് അംഗങ്ങള്‍ പൂര്‍ണമായും കലാപ്രവര്‍ത്തനം നിര്‍ത്തി പോകുന്ന സാഹചര്യമാണ്.
കുടുംബശ്രീയുടെ സ്വന്തം പരിപാടിയില്‍ മാത്രമാണ് നിലവില്‍ തുക കൃത്യമായി രംഗശ്രീ കലാകാരികള്‍ക്ക് ലഭിക്കുന്നതെന്ന് കുടുംബശ്രീ ജെന്‍ഡര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ തിരുവനന്തപുരത്ത് നടന്ന ആഘോഷത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടിയില്‍ കടം വാങ്ങിയ തുകയുമായി പരിപാടി അവതരിപ്പിച്ചവര്‍ക്ക് ഒരു വര്‍ഷത്തോളം കഴിഞ്ഞാണ് തുക ലഭിച്ചതെന്ന് തിരുവനന്തപുരത്ത് രംഗശ്രീ പ്രവര്‍ത്തനം അവസാനിപ്പിച്ച കലാകാരി പറയുന്നു.
പരിപാടിക്ക് പരിശീലനം നടത്താനുള്ള സ്ഥലം പോലും സ്വന്തം നിലയ്ക്കാണ് കണ്ടെത്തിയത്. നൃത്തവും നാടകവുമായിരുന്നു അവതരിപ്പിച്ചത്. വേദിയില്‍ ആവശ്യമായ വസ്ത്രം പോലും കടം വാങ്ങിയ പണത്തില്‍ നിന്നുമാണ് കണ്ടെത്തിയത്.
കടക്കാരുമായി വഴക്കാകുന്ന സാഹചര്യം വന്നതിന് ശേഷം രംഗശ്രീയില്‍ പോയിട്ടില്ലെന്ന് മറ്റൊരു കലാകാരി ആരോപിക്കുന്നു. ജില്ലാ തലത്തിലായിരുന്നു 2015 രംഗശ്രീ ട്രൂപ്പുകള്‍ ആരംഭിച്ചത്. പിന്നീട് പല ജില്ലകളിലും കലാകാരികളുടെ പങ്കാളിത്തം കാരണം ഒന്നിലധികം ട്രൂപ്പുകള്‍ രൂപീകരിച്ചു. സര്‍ക്കാര്‍ പരിപാടികള്‍ക്ക് പണം കൃത്യമായി നല്‍കിയില്ലെങ്കിലും പരാതി ഉയരാത്ത സാഹചര്യമായിരുന്നു. എന്നാല്‍ വിവിധ വകുപ്പുകള്‍ കൂടി മുതലെടുത്ത് തുടങ്ങിയതോടെയാണ് പദ്ധതിയുടെ താളം തെറ്റിയതെന്നും ആരോപണമുണ്ട്.