തിരുവനന്തപുരം: എന്ത് പ്രതിസന്ധികൾ ഉണ്ടായാലും കെഎസ്ആർടിസിയിൽ കെ-സ്വിഫ്റ്റ് കമ്പനി രൂപീകരിക്കുമെന്ന് എം.ഡി ബിജു പ്രഭാകർ. കെ-സ്വിഫ്റ്റ് പദ്ധതിക്ക് തുരങ്കം വയ്ക്കുന്നവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതു ഗതാഗതത്തിന് കേരളത്തിൽ ആദ്യമായാണ് സർക്കാർ ട്രാൻസ്പോർട്ട് കമ്പനി രൂപീകരിക്കുന്നത്. ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ ബസുകൾ നിലവിലുള്ള കോർപ്പറേഷനിൽ തുടരുമ്പോൾ സൂപ്പർഫാസ്റ്റ് മുതലുള്ള ദീർഘദൂര സർവീസുകളും സിഎൻജി ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ രണ്ടായിരത്തോളം ബസുകൾ പുതിയ കമ്പനിയുടെ കീഴിലാകും. കഴിഞ്ഞ നാലു വർഷക്കാലം 100 ബസുകൾ മാത്രമാണ് കെഎസ്ആർടിസിക്ക് പുതിയതായി നിരത്തിലിറക്കാൻ കഴിഞ്ഞത്. 900 സിഎൻജി ബസുകൾ വാങ്ങാൻ കിഫ്ബി വഴി ഫണ്ട് അംഗീകരിച്ചെങ്കിലും യൂണിയനുകളുടെ എതിർപ്പുകാരണം വാങ്ങാൻ സാധിച്ചിരുന്നില്ല.
അതേസമയം 310 സി.എൻ.ജി ബസുകളും 50 ഇലക്ട്രിക് ബസുകളും വാങ്ങുന്നതിനും 400 ഡീസൽ ബസുകളെ എൽ.എൻ ജിയായി പരിവർത്തനം ചെയ്യുന്നതിനും 359 കോടി രൂപ നിബന്ധനകളോടെ കിഫ്ബി അനുവദിച്ചിട്ടുണ്ട്. കിഫ്ബിയുടെ സഹായത്താൽ പുതുതായി നിരത്തിലിറങ്ങുന്ന ബസുകൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനും മേൽനോട്ടത്തിനുമായാണ് പുതിയ കമ്പനി രൂപീകരിക്കുന്നത്. പ്രസ്തുത കമ്പനി കെഎസ്ആർടിസിയിൽ നിന്നും നിയമപരമായി വേർപ്പെട്ടതും സ്വതന്ത്രവും ആയിരിക്കും. കെ-സ്വിഫ്റ്റ് വരുമാനത്തിൽ നിന്നും കെഎസ്ആർടിസി ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനും ലോണുകൾ, കടങ്ങൾ തിരിച്ചടയ്ക്കുന്നതിനും നിയമപരമായ ബാധ്യത പുതിയ സംവിധാനത്തിന് ഉണ്ടാകും. അതേസമയം 10 വർഷക്കാലത്തേക്ക് മാത്രമാണ് പുതിയ കമ്പനി രൂപീകരിക്കുന്നത്. ഈ കാലയളവ് പൂർത്തിയാകുന്നതോടെ ഇതിന്‍റെ ആസ്തികൾ കെഎസ്ആർടിസിയിൽ ലയിപ്പിച്ച് കമ്പനി നിർത്തലാക്കും. ഇപ്പോൾ നടന്നുവരുന്ന തട്ടിപ്പിനും വെട്ടിപ്പിനും അവസരം ഉണ്ടാകില്ല എന്നതുകൊണ്ടാണ് പദ്ധതിയെ എതിർക്കുന്നത് എന്നും ബിജു പ്രഭാകർ തുറന്നടിച്ചു.