തിരുവനന്തപുരം: കെ എ സ് ആർ ടി സി ജീവനക്കാരുടെ പരിഷ്ക്കരിച്ച യൂണിഫോമിനായുള്ള തുണിയുടെ ഉത്പാദനം പൂർത്തിയായതായി കേരള ടെക്സ്ടൈൽ കോർപ്പറേഷൻ (reform uniform of k s r t c employees). യൂണിഫോമിൽ ഷർട്ടിൻ്റെ പോക്കറ്റിൽ പിടിപ്പിക്കേണ്ട കെഎസ്ആർടിസിയുടെ എംബ്രോയ്‌ഡറി ലോഗോ തുന്നിച്ചേർക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
2024 ജനുവരി മുതൽ പുതിയ യൂണിഫോം ആയിരിക്കും ജീവനക്കാർ ധരിക്കുക. ഈ മാസം 30ന് ഉള്ളിൽ തന്നെ യൂണിഫോം വിതരണം പൂർത്തിയാക്കുമെന്ന് കേരള സ്‌റ്റേറ്റ് ടെക്സ്ടൈൽ കോർപ്പറേഷൻ ലിമിറ്റഡ് പർച്ചേഴ്‌സ് ഡിപ്പാർട്ട്മെൻ്റ് അസിസ്‌റ്റൻ്റ് മാനേജർ അരുൺ അറിയിച്ചു. നിലവിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള യാത്രയ്ക്കുള്ള ബസ് ഓടിക്കുന്ന ഡ്രൈവർമാർക്ക് പരിഷ്ക്കരിച്ച കാക്കി യൂണിഫോം ആണ് നൽകിയിരിക്കുന്നത്.
കാക്കി യൂണിഫോമിനുള്ള തുണിയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ തിരുവനന്തപുരം പാപ്പനംകോടുള്ള സെൻട്രൽ വർക്ക്‌സ് ഡിപ്പോയിൽ എത്തിക്കും. ഇവിടെ നിന്നാണ് സംസ്ഥാനത്തെ മുവുവൻ ഡിപ്പോയിലേക്കും യൂണിഫോം വിതരണം ചെയ്യുക. ആലപ്പുഴ, പിണറായി യൂണിറ്റുകളിലായാണ് യൂണിഫോമിന്‍റെ നിർമാണം നടന്നത്.
21,800 ജീവനക്കാർക്കായി കാക്കി യൂണിഫോമിന് ഒന്നേകാൽ ലക്ഷം മീറ്റർ തുണിയും നേവി ബ്ലൂ യൂണിഫോമിന് 27,000 മീറ്ററും ഉൾപ്പെടെ ആകെ 1,42,000 മീറ്റർ തുണിയാണ് കെഎസ്ആർടിസിക്ക് നൽകുക. നവംബർ 16 നാണ് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് മാറ്റി, ഉത്തരവിറക്കിയത്. കേരള ടെക്സ്ടൈൽ കോർപ്പറേഷൻ ഓരോ ജീവനക്കാർക്കും 2 ജോഡി യൂണിഫോമിനുള്ള തുണി മാത്രമാണ് നൽകുക. നിലവില്‍ നീല യൂണിഫോം ധരിക്കുന്ന പുരുഷന്മാരായ കണ്ടക്‌ടർ, ഡ്രൈവർ ജീവനക്കാർക്ക് ഇനിമുതല്‍ കാക്കി പാന്‍റുകളും കാക്കി ഹാഫ് കൈ ഷർട്ടുമാകും വേഷം. വനിതാ കണ്ടക്‌ടർക്ക് കാക്കി ചുരിദാറും ഓവർകോട്ടുമാകും യൂണിഫോം.
ഇനിമുതല്‍ യൂണിഫോമിൽ നെയിം ബോർഡും ഉണ്ടാകും. മെക്കാനിക്ക്, പമ്പ് ഓപ്പറേറ്റർ, ടയർ ഇൻസ്പെക്‌ടർ, ടയർ റീ ട്രെഡർ വിഭാഗം ജീവനക്കാർ എന്നിവര്‍ക്ക് നേവി ബ്ലൂ പാന്‍റുകളും ഹാഫ് സ്ലീവ് ഷർട്ടുമാണ് യൂണിഫോം.
കെഎസ്‌ആര്‍ടിസിക്ക് 30 കോടി: കെഎസ്ആർടിസിക്ക് 30 കോടി കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കഴിഞ്ഞ മാസം 120 കോടി നൽകിയിരുന്നതായും ഒമ്പത് മാസത്തിനുള്ളിൽ 1264 കോടി രൂപായാണ് കെഎസ്ആർടിസിക്ക് സഹായമായി നൽകിയതെന്നും മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു. 900 കോടിയാണ് ഈ വർഷത്തെ ബജറ്റിൽ കെഎസ്ആർടിസിക്ക് വകയിരുത്തിയിട്ടുള്ളത്. 4963.22 കോടി രൂപയാണ് രണ്ടാം സർക്കാർ ഇതുവരെ കെഎസ്‌ആർടിസിക്ക് സഹായമായി നൽകിയത്. 4936 കോടി ഒന്നാം സർക്കാറും നൽകി. ഏഴര വർഷത്തിനുള്ളിൽ രണ്ട് എൽഡിഎഫ് സർക്കാരുകൾ 9899 കോടിയാണ് നൽകിയത്. യുഡിഎഫ് സർക്കാരിന്‍റെ അഞ്ചുവർഷത്തെ ആകെ സഹായം 1543 കോടിയാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.