തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ നാളെ മുതൽ ഇലക്‌ട്രിക് ബസുകള്‍ സർവീസ് ആരംഭിക്കും. സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി 14 ബസുകൾ ഇന്ന്(31.07.2022) നഗരത്തിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു. രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് വരെ നടത്തുന്ന പരീക്ഷണ ഓട്ടത്തിലാകും ബസ് സർവീസിന്‍റെ സമയം ക്രമീകരിക്കുക.
23 ബസുകളാണ് സിറ്റി സർക്കുലർ സർവീസിന്‍റെ ഭാഗമായി ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. രണ്ട് ഇലക്‌ട്രിക് ബസുകൾ ചാർജിങ്ങിന് വേണ്ടി ഉപയോഗിക്കും. സർവീസ് നടത്തുന്ന ബസുകളിൽ ചാർജ് തീരുന്ന മുറയ്‌ക്ക് ചാർജ് ചെയ്‌ത ബസുകൾ മാറ്റി നൽകും.
തിരുവനന്തപുരം വിമാനത്താവളത്തെയും ബസ് സ്റ്റാന്‍ഡിനെയും റെയിൽവേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന എയർ റെയിൽ സർക്കുലർ സർവീസിനും നാളെ തുടക്കമാകും. രണ്ട് ബസാണ് സർവീസ് നടത്തുന്നത്. വിമാനത്താവളത്തിലെ ഡൊമസ്‌റ്റിക്, ഇന്‍റർനാഷണൽ ടെർമിനലുകളും തമ്പാനൂർ ബസ് സ്‌റ്റേഷനും സെൻട്രൽ റെയിൽവേ സ്റ്റേഷനും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് എയർ–റെയിൽ സർക്കുലർ സർവീസ്. എയർ-റെയിൽ സർക്കുലര്‍ 24 മണിക്കൂർ സർവീസ് നടത്തും.
Also Read 'എയർ - റെയിൽ' ബസ് അവതരിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി ; സേവനം 24 മണിക്കൂറും