തിരുവനന്തപുരം : കോട്ടയത്ത് വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കും. ഇതുസംബന്ധിച്ച്, ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്‌ടിച്ച സംഭവത്തിൽ ഡ്രൈവർക്ക് മോട്ടോർ വാഹന വകുപ്പ് കാരണം കാണിക്കൽ നോട്ടിസ് അയച്ചു.
സംഭവത്തെ തുടർന്ന് ജയദീപിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്‌തിരുന്നു. പൂഞ്ഞാർ സെന്‍റ് മേരിസ് പള്ളിയ്ക്ക് മുന്‍പില്‍ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെയാണ് ജയദീപ് ബസ് ഓടിച്ചത്. ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ നിർദേശപ്രകാരമാണ് ഡ്രൈവറെ സസ്പെൻഡ് ചെയ്‌തത്.
അതേസമയം അവധി ചോദിച്ച് ലഭിക്കാതിരുന്ന തനിക്ക് സസ്പെൻഷൻ വലിയ അനുഗ്രഹമായെന്ന് നടപടിയ്ക്ക് ശേഷം ഇയാൾ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. കെ.എസ്.ആർ.ടി.സിയ്ക്കും ഗതാഗത വകുപ്പിനുമെതിരെ രൂക്ഷ വിമർശനവും ജയദീപ് ഉയര്‍ത്തിയിരുന്നു.