തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകൾ നിരോധിച്ച സാഹചര്യത്തിൽ നാളെ മുതൽ കെ എസ് ആർ ടി സി ബസുകളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്‌തവ വിരുദ്ധമാണെന്ന് മാനേജ്‌മെന്‍റ്. നിലവിൽ സാധാരണ പോലെ തന്നെ റിസർവ് ബാങ്ക് നിർദേശം നൽകിയ തീയതി വരെ കെ എസ് ആർ ടി സി ബസുകളിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് എല്ലാ യൂണിറ്റുകൾക്കും കണ്ടക്‌ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും നിർദേശം നൽകിയതായും മാനേജ്‌മെന്‍റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ഇതുവരെ 2000 രൂപ നോട്ടുകൾ സ്വീകരിക്കരുത് എന്ന യാതൊരു നിർദേശവും നൽകിയിട്ടില്ല. നോട്ടുകൾ സ്വീകരിക്കുന്നില്ലെന്ന പരാതികൾ വന്നാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും എന്നും മാനേജ്‌മെന്‍റ് അറിയിച്ചു. നോട്ട് നിരോധിച്ചതിന് പിന്നാലെ നിരോധിച്ച നോട്ടുകൾ കെ എസ് ആർ ടി സി സ്വീകരിക്കില്ലെന്ന രീതിയിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇത്തരം നിർദേശങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്തുന്നതെന്നും മാനേജ്‌മെന്‍റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
നോട്ട് പിൻവലിച്ച് വീണ്ടും ആർബിഐ നീക്കം : 2000 രൂപ നോട്ടുകൾ ആർബിഐ നിരോധിച്ച സാഹചര്യത്തിൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെ എസ് ആർ ടി സി അറിയിച്ചു എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചത്. മെയ് 19 നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപ നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. ഈ വർഷം സെപ്‌റ്റംബർ 30 വരെ നോട്ടുകൾ ഉപയോഗിക്കുന്നതിന് തടസമില്ലെന്നും നോട്ടുകൾ കൈവശമുള്ളവർക്ക് ബാങ്കുകളിൽ നൽകി മാറ്റി വാങ്ങാവുന്നതാണെന്നും ആർബിഐ അറിയിച്ചിരുന്നു. ഒരു ബാങ്കിൽ നിന്ന് പരമാവധി 20,000 രൂപ മാറ്റി എടുക്കാൻ കഴിയുന്ന രീതിയിലാണ് ആർബിഐ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.
also read : 2,000 രൂപ മാറ്റിയെടുക്കാന്‍ ഐഡി കാര്‍ഡും അപേക്ഷ ഫോമും വേണ്ട; സര്‍ക്കുലര്‍ പുറപ്പെടുവിച്ച് എസ്‌ബിഐ
കാലാവധിയും കാരണവും : നാല് മുതൽ അഞ്ച് വർഷം വരെയാണ് അച്ചടിച്ച നോട്ടുകളുടെ കാലാവധി. 2017 ന് മുൻപ് അച്ചടിച്ചവയാണ് 2000 രൂപ നോട്ടുകളിൽ ഭൂരിഭാഗമെന്നും അതിൽ 89 ശതമാനവും കാലാവധി കഴിഞ്ഞവയാണെന്നും അതിനാലാണ് നോട്ടുകൾ പിൻവലിക്കുന്നതെന്നുമാണ് അപ്രതീക്ഷിത നീക്കത്തിൽ ആർബിഐ വിശദീകരണം. ഇടപാടുകാർ സാധാരണയായി 2000 രൂപ നോട്ടുകൾ ഉപയോഗിക്കാറില്ലെന്ന് ബാങ്കുകൾ സാക്ഷ്യപ്പെടുത്തിയതായും അതിനാൽ നോട്ട് പിൻവലിച്ചത് സാധാരണക്കാരെ കാര്യമായി ബാധിക്കില്ലെന്നും ആർബിഐ പ്രതികരിച്ചു. കൂടാതെ 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ ഐ ഡി കാർഡോ ഫോമുകളോ വേണ്ടതില്ലെന്നും ആർബിഐ അറിയിച്ചിട്ടുണ്ട്.
also read : Explained: 2000 നോട്ട് 'ഔട്ട്', കാലാവധി കഴിഞ്ഞെന്ന് റിസര്‍വ് ബാങ്ക്; ഇനിയെന്ത് എന്നറിയാം