തിരുവനന്തപുരം : ഓണക്കാലത്ത് യാത്രക്കാരുടെ ആവശ്യമനുസരിച്ച് കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി കെഎസ്ആർടിസി. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാവും ബസ് സർവീസുകൾ നടത്തുക.
ഓഗസ്റ്റ് 19 മുതൽ 23 വരെ തുടർച്ചയായി അവധി വരുന്നതിനാൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിൽ നിന്നും ആവശ്യമായ സർവീസുകൾ ഉണ്ടാകും. ദീർഘദൂര സർവീസുകളിൽ മുൻകൂർ റിസർവേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
Also Read: സംസ്ഥാനത്ത് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വാക്‌സിൻ ഡ്രൈവിന് തുടക്കം
ഓണാവധി തുടങ്ങുന്നതിന്‍റെ തലേദിവസമായ ഓഗസ്റ്റ് 18നും യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മുഴുവൻ സർവീസുകളും നടത്തും. ഓഗസ്റ്റ് 15, 22 എന്നീ ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനാൽ ഈ ദിവസങ്ങളിലും യാത്രക്കാരുടെ തിരക്കിനനുസരിച്ച് ആവശ്യമായ സർവീസ് ഉണ്ടാകും.
ഉത്രാട ദിവസമായ 20ന് ഡി.ടി.ഒമാർ അതത് ഹെഡ്ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് സർവീസുകൾ കേന്ദ്രീകരിക്കുകയും പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ഇൻസ്‌പെക്ടർമാരെ വിന്യസിച്ച് സർവീസുകൾ നിയന്ത്രിക്കുകയും ചെയ്യും.
യാത്രക്കാർ കൂടിയാൽ കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍
കൂടുതല്‍ യാത്രക്കാര്‍ ഉണ്ടെങ്കില്‍ ദീര്‍ഘദൂര ബസുകള്‍ എൻഡ് ടു എൻഡ് ഫെയര്‍ നിരക്കില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും.
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് തുടങ്ങിയ പ്രധാന യൂണിറ്റുകളില്‍ നിന്നും യാത്രക്കാരുടെ ആവശ്യപ്രകാരം കൂടുതല്‍ സര്‍വീസുകള്‍ നടത്തും.
വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലേക്കും ട്രാഫിക് ഡിമാന്‍ഡ് അനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തും.
അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കാന്‍ സാഹചര്യം ഉണ്ടാകുന്ന പക്ഷം പൂര്‍ണമായി ഓണ്‍ലൈന്‍ റിസര്‍വേഷനില്‍ ഉള്‍പ്പെടുത്തി എൻഡ് ടു എൻഡ് ഫെയര്‍ വ്യവസ്ഥയില്‍ ഓപ്പറേറ്റ് ചെയ്യും.
ഓണാവധി ദിവസങ്ങളില്‍ കണ്‍സഷന്‍ കൗണ്ടര്‍ പ്രവര്‍ത്തിക്കില്ലെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.