തിരുവനന്തപുരം : കെഎസ്ആർടിസി (KSRTC) ബസുകളിൽ 3.5 കോടിയുടെ പരസ്യം പതിക്കുന്നതിന് നൽകിയ കരാറിൽ വ്യാപക ക്രമക്കേട് (Advertisement Contract Scam). കരാർ നൽകിയതിൽ തട്ടിപ്പ് നടന്നതായുള്ള പരാതിയിൽ കെഎസ്‌ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജരുടെ ഓഫിസിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. ബസുകളിൽ പരസ്യം പതിക്കുന്നതിന് 2019-23 കാലത്ത് കൃത്യമായ ടെൻഡർ ഇല്ലാതെ 3750 ബസുകൾ വിട്ടുനൽകിയതായി വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.
കണ്ണൻ എന്ന വ്യക്തി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണ് വിജിലൻസിന് കൈമാറിയത്. ടെൻഡറിലെ നിബന്ധനകൾ കരാർ ലഭിച്ച ഏജൻസി പാലിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. മാത്രമല്ല ഭാര്യയും ഭർത്താവും രണ്ട് കമ്പനികളുടെ പേരിൽ ടെൻഡർ നൽകിയതായും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.
ഈ കരാറുകൾ നൽകുന്നതിന് ടെൻഡർ നടത്തിയിട്ടില്ലെന്നും പത്രപരസ്യം നൽകിയിട്ടില്ലെന്നും ഇ-ടെൻഡർ നടത്തിയിട്ടില്ലെന്നും വിജിലൻസ് പരിശോധനയിൽ പുറത്തുവന്നു. നേരത്തെ ബസിൽ പരസ്യം പതിക്കുന്നതിന് കരാറെടുത്തയാളുടെ ബിൽ മാറുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പിടിയിലായ ഡെപ്യുട്ടി ജനറൽ മാനേജർ സി ഉദയകുമാർ ജോലി ചെയ്‌തിരുന്ന കാലത്ത് നടന്ന ക്രമക്കേടുകളാണിതെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ.
ഹെവി വാഹനങ്ങളിൽ സീറ്റ് ബെൽറ്റ് നവംബർ ഒന്ന് മുതൽ : കെഎസ്‌ആർടിസി ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങളിൽ ഡ്രൈവർക്കും മുൻ സീറ്റിലെ യാത്രക്കാരനും നവംബർ ഒന്ന് മുതൽ സീറ്റ് നിർബന്ധമാക്കിയതായി ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. എ ഐ ക്യാമറകളുടെ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അതേസമയം കെഎസ്ആർടിസി ബസുകളിൽ സ്‌മാർട്ട് ട്രാവൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാനാകുന്നില്ലെന്ന വ്യാപക പരാതിയും ഉയരുകയാണ്.
ഇടിഎം മെഷീൻ തകരാർ : ചില ടിക്കറ്റ് മെഷീനുകളില്‍ സാങ്കേതിക തകരാറുകൾ മൂലം ട്രാവൽ കാർഡ് പ്രവർത്തിക്കുന്നില്ല. ഇതോടൊപ്പം ഇടിഎം മെഷീനിൻ്റെ (Electronic Ticketing Machine) ചാർജ് തീരുന്നതും സിഗ്നൽ തകരാറുമെല്ലാം ട്രാവൽ കാർഡ് സംവിധാനത്തെ പ്രതികൂലമായി ബാധിക്കുകയാണ്.അടുത്തിടെ ഇടിഎം മെഷീനുകൾ വ്യാപകമായി തകരാറിലായിരുന്നു. ഇതിന് പിന്നാലെയാണ് ട്രാവൽ കാർഡ് ഉപയോഗവും പ്രതിസന്ധിയിലായത്.
ട്രാവൽ കാർഡ് ഇടിഎം മെഷീനിൽ സ്വൈപ്പ് ചെയ്‌താണ് പണമിടപാട് നടത്തുന്നത്. ഇടിഎം മെഷീനുകൾ തകരാറിലായതോടെ ഇപ്പോൾ പഴയ ടിക്കറ്റ് റാക്കുകൾ ആണ് ഉപയോഗിക്കുന്നത്. എടിഎം കാർഡ് മാതൃകയിലുള്ള ട്രാവൽ കാർഡിന് ചെറിയ ചുളിവുണ്ടായാൽ പോലും ഇടിഎം മെഷീനിൽ റീഡാകാറില്ല. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇതേ തുടർന്ന് യാത്രക്കാരുടെ വ്യാപക പരാതിയും ഉയരുകയാണ്.
മൈക്രോ എഫ് എക്‌സ് എന്ന കമ്പനിയാണ് കെഎസ്‌ആർടിസിക്ക് ഇടിഎം മെഷീൻ നൽകുന്നത്. ഇതേ കമ്പനി തന്നെയാണ് ട്രാവൽ കാർഡുകളും നൽകിയത്. ആർഎഫ്‌ഐഡി (റേഡിയോ - ഫ്രീക്വൻഡി ഐഡൻ്റിഫിക്കേഷൻ) സാങ്കേതികവിദ്യയിൽ അധിഷ്‌ഠിതമായ സുരക്ഷ സംവിധാനങ്ങളോടുകൂടിയ ട്രാവൽ കാർഡാണ് കെഎസ്‌ആർടിസി പുറത്തിറക്കിയിരിക്കുന്നത്.