തിരുവനന്തപുരം: അവിനാശിയിലെ വൻ ദുരന്തത്തിന്‍റെ ഞെട്ടലിലാണ് പിറന്നാൾ ദിനത്തിൽ കെ.എസ്. ആർ.ടി.സി ഉണർന്നത്. 1938 ഫെബ്രുവരി 20 ന് ചിത്തിര തിരുനാൾ ബാലരാമവർമ്മ ആരംഭിച്ച ഇന്നത്തെ കെ.എസ്. ആർ.ടി.സിയെ നിരവധി അപകടങ്ങള്‍ വേട്ടയാടിയിട്ടുണ്ട്. അതിൽ ചമ്മനാട് ദുരന്തത്തിന് പിന്നാലെ അവിനാശിയും ഇടം പിടിച്ചു.
1994 ഫെബ്രുവരി 5ന് രാത്രി 10 മണിയ്ക്കാണ് ആലപ്പുഴയിലെ ചമ്മനാടിൽ 37 പേരുടെ ജീവൻ അപഹരിച്ച ദുരന്തമുണ്ടായത്. തൃശ്ശൂരിൽ നിന്നും ആറ്റിങ്ങലിലേയ്ക്ക് വന്ന കെ.എസ്. ആർ.ടി.സി ബസ്സും ചകിരിയുമായ പോയ മധ്യപ്രദേശ് രജിസ്ട്രേഷൻ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ പൊട്ടിയ ലോറിയുടെ ഡീസൽ ടാങ്കിൽ നിന്നും പരന്നൊഴുകിയ ഡീസലിൽ തീ പടർന്നാണ് അപകടമുണ്ടായത്. തീയിൽ പൂർണമായി കത്തിയ ബസിലെ 35 പേരും തത്ക്ഷണം മരണപ്പെട്ടു. രണ്ട് പേർ പിന്നീട് മരണത്തിന് കീഴടങ്ങി.
2013 ജൂലൈയിൽ ചടയമംഗലം ബസ് അപകടവും കെ.എസ്. ആർ.ടി.സിയ്ക്ക് മറക്കാനാകില്ല. പമ്പയിലേയ്ക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിൽ സ്വകാര്യ ബസിടിച്ചായിരുന്നു അപകടം. അപകടത്തിൽ അഞ്ച് പേർ മരണപ്പെടുകയും 35 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 82 വയസ് പിന്നിടുന്ന ദീർഘയാത്രയിൽ അപകടവും വിടാതെ പിന്തുടരുമ്പോൾ പ്രതിസന്ധിയിലാകുന്നത് കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ സുരക്ഷയാണ്.